തൃശ്ശൂരിൽ എൽഡിഎഫ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എൻഡിഎ സ്ഥാനാർഥി; സ്വീകരണമൊരുക്കി ബി.ജെ.പി





തൃശ്ശൂർ : കോർപറേഷൻ എൽഡിഎഫ് ഭരണസമിതിയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എൻഡിഎ സ്ഥാനാർഥിപ്പട്ടികയിൽ. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബാ ബാബുവാണ് വ്യാഴാഴ്‌ച പ്രഖ്യാപിച്ച ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയിൽ ഇടംനേടിയത്. എൻഡിഎ സ്വതന്ത്രയായാണ് ഇവർ മത്സരിക്കുന്നത്. ജനതാദൾ (എസ്) പ്രതിനിധിയായാണ് ഇവർ കൗൺസിലറായത്.

സ്ഥാനാർഥിപ്രഖ്യാപനച്ചടങ്ങിൽ ഷീബാ ബാബുവും പങ്കെടുത്തു. ബിജെപി നേതാക്കൾ ഇവരെ ഷാളണിയിച്ച് സ്വീകരിച്ചു. കോർപറേഷന്റെ കൃഷ്ണാപുരം ഡിവിഷനിൽ എൻഡിഎ സ്വതന്ത്രസ്ഥാനാർഥിയായാണ് ഇവർ മത്സരിക്കുന്നത്. കഴിഞ്ഞ തവണ നടത്തറ വാർഡിൽനിന്ന് ജനറൽ സീറ്റിലായിരുന്നു ജയം.

മൂന്നുതവണകളായി 15 വർഷം ഇവർ ജനതാദൾ എസിന്റെ ടിക്കറ്റിൽ മത്സരിച്ച് എൽഡിഎഫ് കൗൺസിലറായിരുന്നു. നടത്തറ ഡിവിഷന്റെ ഭാഗങ്ങൾ ഭൂരിഭാഗവും ഉൾക്കൊള്ളുന്നതാണ് ഇപ്പോഴത്തെ കൃഷ്ണാപുരം ഡിവിഷൻ. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി തുടക്കംമുതൽത്തന്നെ ഷീബാ ബാബുവുമായി സ്വരച്ചേർച്ചയിൽ അല്ലായിരുന്നു. കൗൺസിലിലും പാർട്ടി-മുന്നണി വേദികളിലും ഇവർ പലപ്പോഴും ഭരണപക്ഷത്തിനെതിരേ ആഞ്ഞടിച്ചിരുന്നു. തന്റെ ഡിവിഷനിലേക്കുള്ള വികസനപ്രവർത്തനങ്ങൾ എൽഡിഎഫ് ഭരണസമിതി വൈകിപ്പിച്ചുവെന്നാണ് ഇവരുടെ ആരോപണം.

അസ്വാരസ്യങ്ങൾമൂലം ഇത്തവണ ഷീബാ ബാബു എൽഡിഎഫ് പട്ടികയിലുണ്ടാകില്ലെന്ന അഭ്യൂഹം ആദ്യംമുതൽത്തന്നെയുണ്ടായിരുന്നു. ജനതാദൾ എസിൽനിന്ന്‌ ഇവർ ഇപ്പോഴും രാജിവച്ചിട്ടില്ല. ജനതാദൾ (എസ്) ദേശീയതലത്തിൽ എൻഡിഎയുടെ സഖ്യകക്ഷിയായതിനാൽ ജനതാദൾ എസിൽനിന്ന്‌ രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ് ഇവർ.



أحدث أقدم