
വീട്ടമ്മയുടേയും മകളുടേയും മുഖത്ത് കീടനാശിനി സ്പ്രേ ചെയ്തെന്ന് പരാതി. മണിമല കരിക്കാട്ടൂർ സ്വദേശികളായ സിന്ധുവിനും മകൾക്കും നേരെയാണ് ആക്രമണം ഉണ്ടായത്. അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസികളാണ് ആക്രമിച്ചതെന്നാണ് പരാതി. സമീപവാസികളുമായി കുറച്ച് ദിവസങ്ങളായി അതിർത്തി തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു.
കഴിഞ്ഞ 31ന് വീണ്ടും തർക്കം ഉണ്ടായി. തുടർന്ന് അയൽവാസിയായ സ്ത്രീ സിന്ധുവിന്റെയും മകളുടെയും മുഖത്ത് കീടനാശിനി സ്പ്രേ ചെയ്യുകയായിരുന്നു.ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മകൾക്ക് കാര്യമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ സിന്ധുവിന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിന്ധുവിനെ പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തിൽ പരാതി നൽകിയെങ്കിലും പൊലീസ് ആദ്യം കേസെടുക്കാൻ തയാറായിരുന്നില്ല. ഇന്ന് ഇതുമായി ബന്ധപ്പെട്ട് പൊലീസ് എഫ്‌ഐആർ ഇട്ടിരുന്നു. അതേസമയം സിന്ധുവിന്റെ ഭർത്താവ് പാണ്ഡ്യരാജയ്‌ക്കെതിരെ അയൽവാസികളും പരാതി നൽകിയിട്ടുണ്ട്