ഷാർജ: യുഎഇയിലെ ഷാർജ, ഫുജൈറ എമിറേറ്റുകളുടെ ചില ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഷാർജ നഗരമധ്യത്തിൽ നിന്ന് എട്ടു കിലോമീറ്റർ അകലെയും ഫുജൈറയിലെ അൽ റാഷിദിയ മേഖലയിലും റാസ് അൽ ഖൈമയുടെ ചില ഭാഗങ്ങളിലും 2-3 സെക്കൻഡ് നേരത്തേക്ക് പ്രകമ്പനം അനുഭവപ്പെട്ടതായി ഇവിടങ്ങളിൽ താമസിക്കുന്നവർ അറിയിച്ചു.
റിക്റ്റർ സ്കെയിലിൽ 4.6 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യുഎഇയിലെ നാഷണൽ സെന്‍റർ ഓഫ് മെറ്ററോളജി (NCM) അറിയിച്ചു
യുഎഇ സമയം 4.40നാണ് (ഇന്ത്യൻ സമയം വൈകിട്ട് 6.10) ഭൂചലനം അനുഭവപ്പെട്ടത്.
പ്രകമ്പനത്തെത്തുടർന്ന് പരിഭ്രാന്തരായ ജനങ്ങൾ കെട്ടിടങ്ങളിൽ നിന്ന് പുറത്തിറങ്ങി നിന്നു. യുഎഇയോടു ചേർന്നു കിടക്കുന്ന, ഒമാന്‍റെ ഭാഗമായ സതേൺ മുസാൻഡം ആണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്നും, ഭൗമോപരിതലത്തിൽനിന്ന് അഞ്ച് കിലോമീറ്റർ അടിയിലാണ് ഇതുണ്ടായതെന്നും എൻസിഎം അറിയിച്ചു.