
ബി ജെ പി ജില്ലാ പ്രസിഡന്റ് കഴിഞ്ഞ ദിവസം ഷാള്‍ ഇട്ട് സ്വീകരിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മാപ്പ് പറഞ്ഞ് തിരിച്ചെത്തി. പത്തനംതിട്ട പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മല്ലപ്പള്ളി സ്വദേശി അഖില്‍ ഓമനക്കുട്ടന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് മാപ്പ് പറഞ്ഞത്.
സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി അവരുടെ കാറില്‍ പന്തളത്തെത്തുകയായിരുന്നു എന്നും അവര്‍ തമാശ രൂപേണ ഷാള്‍ കഴുത്തിലിട്ട് ഫോട്ടോ എടുത്ത് പ്രദര്‍ശിപ്പിക്കുകയുമായിരുന്നു എന്നാണ് അഖില്‍ പറയുന്നത്. ഒരു നിര്‍ദ്ദോഷമായ തമാശ എന്ന് മാത്രമേ അതിനെ കണ്ടുള്ളൂ. എന്നാല്‍ അതിന് ശേഷം ദൃശ്യമാധ്യമങ്ങളിലും നവമാധ്യമങ്ങളിലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബി ജെ പിയില്‍ ചേര്‍ന്നു എന്ന് പ്രചരിപ്പിച്ചപ്പോഴാണ് ഇതിനു പിന്നിലെ ചതി ഞാന്‍ തിരിച്ചറിഞ്ഞതെന്നും അഖില്‍ പറഞ്ഞു.
ഇത്തരത്തില്‍ ചതി പ്രയോഗത്തിലൂടെ എന്നെ ബി ജെ പിക്കാരനായി ചിത്രീകരിച്ചതോടെയാണ് വാര്‍ത്താ സമ്മേളനം നടത്തി യാഥാര്‍ത്ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ തീരുമാനിച്ചതെന്നും അഖില്‍ ഓമനകുട്ടന്‍ പറഞ്ഞു.
‘എന്നെ സുഹൃത്തുക്കള്‍ ഒരു കാറില്‍ക്കയറ്റി പന്തളത്ത് കൊണ്ടുപോയി. ചില ബിജെപിക്കാര്‍ താമരചിഹ്നമുള്ള ഷാള്‍ എന്റെ കഴുത്തിലിട്ടു. ഫോട്ടോ എടുത്തു. തമാശയാണെന്നാ ഞാന്‍ കരുതിയത്. പിന്നീടാണ് ഞാന്‍ ബിജെപിയില്‍ ചേര്‍ന്നെന്ന് പ്രചരിക്കുന്ന കാര്യം അറിഞ്ഞത്. സഹിച്ചില്ല. എല്ലാവരോടും മാപ്പ്, മാപ്പ്…, ഞാനിതാ കോണ്‍ഗ്രസില്‍ തന്നെയുണ്ട്.’ അഖില്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മുതല്‍ നിരവധി പദവികള്‍ വഹിച്ചയാളാണ് അഖില്‍ ഓമനക്കുട്ടന്‍. കഴിഞ്ഞ കുറേ നാളുകളായി കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു. ഈ പശ്ചാത്തില്‍ കൂടിയാണ് അഖില്‍ ബിപെജിപിയില്‍ ചേര്‍ന്നെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഒരാഴ്ചമുന്‍പ് സ്വന്തം നാടായ കുന്നന്താനത്ത് കോണ്‍ഗ്രസിനെതിരേ അഖില്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു.