ലോക കാലാവസ്ഥാ ഉച്ചകോടി വേദിയിൽ വൻ അഗ്നിബാധ; തീപടർന്നത് മന്ത്രിതല ചർച്ച നടക്കവെ




ബ്രസീൽ: ലോക കാലാവസ്ഥാ ഉച്ചകോടി വേദിയിൽ വൻ അഗ്നിബാധ. ബ്രസീലിലെ ബെലേമിൽ നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടിക്കിടെയാണ് തീപിടുത്തമുണ്ടായത്. അഗ്നിബാധയെത്തുടർന്ന് വൻ പുക ഉയർന്നതോടെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉൾപ്പെടെ ആയിരത്തിലേറെ പ്രതിനിധികളെ അടിയന്തരമായി പുറത്തേക്ക് മാറ്റി. പുക ശ്വസിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ 13 പേർക്ക് സ്ഥലത്തുവച്ച് തന്നെ ചികിത്സ നൽകി.

കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഉൾപ്പടെയുള്ള ഇന്ത്യൻ പ്രതിനിധി സംഘവും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. തീ പൂർണമായും‌ നിയന്ത്രണവിധേയമായതായി ബ്രസീൽ ടൂറിസം മന്ത്രി സെൽസോ സാബിനോ വ്യക്തമാക്കി. സംഭവത്തിൽ ആർക്കും ഗുരുതര പരുക്കോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

കൽക്കരി ഉപയോഗം, കാലാവസ്ഥാ ധനസഹായം, അന്താരാഷ്ട്ര വ്യാപാരനടപടികൾ തുടങ്ങിയ വിഷയങ്ങളിൽ മന്ത്രിതല ചർച്ചകൾ പുരോഗമിക്കുമ്പോഴായിരുന്നു അഗ്നിബാധയുണ്ടായത്. ആരോഗ്യ–ശാസ്ത്ര പവലിയനിലായിരുന്നു തീപിടുത്തമെന്നും ആറു മിനിറ്റിനുള്ളിൽ അഗ്നിശമനസേന എത്തി തീ അണച്ചുവെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഇലക്ട്രിക്കൽ ഉപകരണ തകരാറാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

ഈ മാസം 10ന് ആരംഭിച്ച COP-30 ഇന്ന് സമാപിക്കാനിരിക്കെയാണ് ഈ സംഭവം നടന്നത്.
Previous Post Next Post