ഭക്തകോടികളുടെ ശരണാരവം പൊന്നമ്പലനടയിൽ മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. ജനുവരി 20 വരെ തുടരുന്ന തീർഥാടനത്തിനായി ശബരിമല ധർമശാസ്താക്ഷേത്രം ഞായറാഴ്ച തുറക്കും. ഇതിന് മുന്നോടിയായി നിലയ്ക്കലും പമ്പയിലും സന്നിധാനത്തും അവസാനവട്ട ഒരുക്കങ്ങൾ നടക്കുന്നു.
പമ്പയിൽനിന്ന് നിലയ്ക്കലേക്കുള്ള ബസ് നിർത്തുന്ന സ്ഥലത്ത് റോഡിൽനിന്ന് അയ്യപ്പൻമാരെ മാറ്റിനിർത്താൻ ഇക്കുറി സ്ഥിരം ബാരിക്കേഡ് ഉണ്ടാകും. 3000 പേരെ ഉൾക്കൊള്ളാവുന്ന ജർമൻപന്തലുകൾ നിലയ്ക്കലും പമ്പയിലും പണിതുകഴിഞ്ഞു. നിലയ്ക്കലിൽ പുതിയ പാർക്കിങ് ഗ്രൗണ്ടിന്റെ പണികളും നടക്കുന്നു.
ഞായറാഴ്ച വൈകീട്ട് അഞ്ചിന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാംപടിയിറങ്ങി ശ്രീകോവിലിൽനിന്നുള്ള ദീപംകൊണ്ട് ആഴി ജ്വലിപ്പിക്കും. പതിനെട്ടാംപടിക്കു താഴെ ഇരുമുടിക്കെട്ടേന്തി കാത്തുനിൽക്കുന്ന നിയുക്ത മേൽശാന്തിമാരെ അദ്ദേഹം കൈപിടിച്ച് സന്നിധാനത്തേക്ക് ആനയിക്കും.