
സ്ത്രീകളോടുള്ള ഇടപെടലിൽ പൊതുവെ വിവാദ വാർത്തകളിൽ പെട്ടുപോകാറുള്ള തെലുങ്ക് നടൻ നന്ദമുരി ബാലകൃഷ്ണ പുതിയൊരു വിവാദത്തിൽ ഇടംപിടിച്ചിരിക്കുകയാണ്. താരത്തിൻറെ സഹ പ്രവർത്തകരോടുള്ള പെരുമാറ്റമാണ് പൊതുവെ ചർച്ചയാവാറുള്ളത്. നായികമാരോടുള്ള ബാലകൃഷ്ണയുടെ ഇടപഴകൽ കാണുന്നവർക്കുതന്നെ അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്നാണ് പല പ്രേക്ഷകരുടെയും അഭിപ്രായം. ബജ്രംഗി ഭായ്ജാൻ നടി ഹർഷാലി മൽഹോത്രക്കൊപ്പം അടുത്തിടെ പങ്കെടുത്ത പരിപാടിക്കിടെയാണ് പുതിയ വിവാദം.
പരിപാടിക്കായി ഇരുവരും വേദിയിൽ ഉണ്ടായിരുന്നു. വേദിയിൽ വച്ച് ബാലകൃഷ്ണ പെട്ടെന്ന് നടിയുടെ കൈയിൽ പിടിച്ച് തന്റെ അടുത്തേക്ക് വലിക്കുകയായിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെ കടുത്ത ട്രോളുകൾക്ക് താരം ഇരയായി.
എന്തുകൊണ്ടാണ് താരം വീണ്ടും ഇത്തരത്തിൽ ബഹുമാനമില്ലാതെ സ്ത്രീകളോട് പെരുമാറുന്നതെന്ന രൂക്ഷ വിമർശനങ്ങളാണ് പ്രേക്ഷകർ ഉയർത്തുന്നത്. ഇത് ആദ്യമായല്ല ബാലകൃഷ്ണയുടെ ഭാഗത്തുനിന്നും ഇത്തരം പ്രവൃത്തികൾ ഉണ്ടാകുന്നത്. പല നായികമാരോടും നടൻ ഇത്തരത്തിൽ പെരുമാറിയത് സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ ഉയരാൻ കാരണമായിട്ടുണ്ട്.