കിണറ്റിൽ കണ്ടെത്തിയ മൃതദേഹം മകന്റേതെന്ന് കരുതി സംസ്കരിച്ചു.. മരിച്ചെന്ന് കരുതിയ ആൾ ജീവനോടെ മറ്റൊരിടത്ത്


കിണറ്റിൽ കണ്ടെത്തിയ മൃതദേഹം കാണാതായ മകന്റേതാണെന്ന് തെറ്റിദ്ധരിച്ച് കുടുംബം സംസ്കാര ചടങ്ങുകൾ നടത്തി. എന്നാൽ, ദിവസങ്ങൾക്കുശേഷം യുവാവിനെ ബന്ധുക്കൾ മറ്റൊരിടത്തുനിന്ന് കണ്ടെത്തി വീട്ടിലെത്തിച്ചതോടെയാണ് ആളുമാറിയാണ് സംസ്കാരം നടത്തിയതെന്ന് കുടുംബം മനസ്സിലാക്കിയത്. മരിച്ചത് ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

സുരജ്പുരിലെ ചന്ദർപുർ ഗ്രാമത്തിൽനിന്ന് പുരുഷോത്തം എന്ന യുവാവിനെ രണ്ടുദിവസമായി കാണാതായിരുന്നു. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. നവംബർ ഒന്നിന് സമീപത്തെ മൻപുർ ഗ്രാമത്തിലെ കിണറ്റിൽനിന്ന് ഒരു മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പുരുഷോത്തമിൻ്റെ കുടുംബാംഗങ്ങളെ പോലീസ് വിവരമറിയിച്ചു. മൃതദേഹം പരിശോധിച്ച കുടുംബം അത് പുരുഷോത്തമിൻ്റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. തുടർന്ന് സമീപത്തെ ശ്മശാനത്തിൽവെച്ച് അന്ത്യകർമ്മങ്ങൾ നടത്തി മൃതദേഹം സംസ്കരിച്ചു.

സംസ്കാരം കഴിഞ്ഞതിന് പിന്നാലെ, യുവാവിൻ്റെ മരണവിവരം അറിഞ്ഞെത്തിയ ചില ബന്ധുക്കൾ പുരുഷോത്തമിനെ 45 കിലോമീറ്റർ അകലെയുള്ള മറ്റൊരു ഗ്രാമത്തിൽവെച്ച് കണ്ടതായി വെളിപ്പെടുത്തി. തുടർന്ന് നടത്തിയ തിരച്ചിലിൽ നവംബർ 4-ന് ഒരു ബന്ധുവിൻ്റെ വീട്ടിൽനിന്ന് പുരുഷോത്തമിനെ കണ്ടെത്തുകയും വീട്ടിലേക്ക് തിരികെ കൊണ്ടുവരുകയും ചെയ്തു. പുരുഷോത്തമിൻ്റെ കുടുംബം സംസ്കരിച്ച മൃതദേഹം ആരുടേതാണെന്ന് ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. മരിച്ചയാളെ തിരിച്ചറിയുന്നതിനായി മൃതദേഹത്തിൻ്റെ ഡിഎൻഎ സാമ്പിളുകൾ, വിരലടയാളം, വസ്ത്രങ്ങൾ, മറ്റു വസ്തുക്കൾ എന്നിവ ശേഖരിച്ചിട്ടുണ്ടെന്നും മൃതദേഹത്തിൻ്റെ ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

أحدث أقدم