
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സംബന്ധിച്ച് വർഗീയ പരാമർശവുമായി ബിജെപി വനിതാ നേതാവ്. ബിജെപി നേതാവ് ലസിത പാലക്കലാണ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ വർഗീയ പരാമർശം നടത്തിയത്. ഇപ്രാവശ്യം മൊത്തം ഇക്കാക്കമാർ അങ്ങ് തൂക്കിയെന്നായിരുന്നു ലസിതയുടെ പ്രതികരണം.
“മികച്ച നടി ഷംല ഹംസ, മികച്ച നടൻ മമ്മൂട്ടി, പ്രത്യേക ജൂറി പരാമർശം ആസിഫ് അലി. മികച്ച സ്വഭാവ നടൻ സൗബിൻ ഷാഹിർ, മികച്ച ഛായാഗ്രഹണം ഷൈജു ഖാലിദ്, മികച്ച നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദ്. ഇപ്രാവശ്യം മൊത്തം ഇക്കാക്കമാർ അങ്ങ് തൂക്കി. ഇതാണല്ലേ പറഞ്ഞത് പരാതി ഇല്ലാത്ത അവാർഡാണ് ഇപ്രാവശ്യത്തേതെന്ന്. മാമനോട് ഒന്നും തോന്നല്ലേ മക്കളേ. ഒരു കാര്യം പറഞ്ഞെന്നുമാത്രമേയുള്ളൂ. നടക്കട്ടെ നടക്കട്ടെ”- ലസിത പാലക്കൽ പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ടാണ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചത്. ഭ്രമയുഗം എന്ന ചിത്രത്തിൽ കൊടുമൺ പോറ്റിയായും ചാത്തനായും വിസ്മയിപ്പിച്ചതിനാണ് മമ്മൂട്ടിയെ മികച്ച നടനായി പ്രഖ്യാപിച്ചത്. ഇത് ഏഴാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്.
ഫെമിനിച്ചി ഫാത്തിമിയിലൂടെയാണ് പുതുമുഖം ഷംല ഹംസ മികച്ച നടിയായത്. മികച്ച ചിത്രം ഉൾപ്പെടെ 10 പുരസ്കാരങ്ങൾ മഞ്ഞുമ്മൽ ബോയ്സ് നേടി. മികച്ച സംവിധായകൻ, സ്വഭാവനടൻ, ഛായാഗ്രാഹകൻ, തിരക്കഥ, കലാസംവിധാനം, ഗാനരചയിതാവ്, ശബ്ദമിശ്രണം, ശബ്ദരൂപ കല്പന, കളറിസ്റ്റ് എന്നിങ്ങനെയാണ് മഞ്ഞുമ്മൽ ബോയ്സിന് ലഭിച്ച പുരസ്കാരങ്ങൾ.
മികച്ച നടിക്കുള്ള പ്രത്യേക പരാമർശം ദർശന രാജേന്ദ്രനും ( പാരഡൈസ്) ജ്യോതിർമയിയും ( ബോഗയ്ൻ വില്ല) നേടി. മികച്ച നടനുള്ള പ്രത്യേക പരാമർശത്തിന് ടൊവിനോ തോമസും ( എൽആർ എം) ആസിഫ് അലി( കിഷ്കിന്ധാ കാണ്ഡം) അർഹരായി. സംവിധായകനും തിരക്കഥാ കൃത്തിനുമുള്ള പുരസ്കാരം ചിദംബരം നേടി.