നടിയും മോഡലുമായ ജസീല പർവീൺ മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ പീഡന ആരോപണങ്ങളുമായി രംഗത്ത്. താൻ നേരിട്ട ക്രൂരമായ ആക്രമണങ്ങളെക്കുറിച്ച് ജസീല സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും പരിക്കേറ്റ മുഖത്തിന്റെ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു.
ഡോൺ തോമസിന്റെ അമിതമായ മദ്യപാനവും പുകവലിയും ചോദ്യം ചെയ്തതിനെ തുടർന്നാണ് പ്രശ്നങ്ങളുടെ ആരംഭമെന്ന് ജസീല പറയുന്നു. ഗുരുതരമായി പരിക്കേറ്റിട്ടും പോലീസിൽ അറിയിച്ചപ്പോൾ ഉടനടി നടപടിയുണ്ടായില്ലെന്നും, ഡോൺ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചതിന് ശേഷമാണ് പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതെന്നും നടി ആരോപിക്കുന്നു.
താരത്തിന്റെ വാക്കുകൾ….
“സഹതാപത്തിനു വേണ്ടിയല്ല, മറിച്ച് പിന്തുണയും മാർഗനിർദ്ദേശവും തേടിയാണ് ഈ കാര്യങ്ങൾ പങ്കുവെക്കുന്നത്. മദ്യപാനത്തെയും പുകവലിയെയും ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഡോൺ അക്രമാസക്തനായി. ഇയാൾ വയറ്റിൽ ചവിട്ടുകയും മുഖത്തടിക്കുകയും തല തറയിൽ ഇടിപ്പിക്കുകയും ചെയ്തു. എന്നെ വലിച്ചിഴയ്ക്കുകയും കക്ഷത്തിലും തുടകളിലും കടിക്കുകയും വള ഉപയോഗിച്ച് മുഖത്ത് ആഞ്ഞടിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് എൻ്റെ മേൽചുണ്ട് കീറി, ധാരാളം രക്തം നഷ്ടപ്പെട്ടു. ആശുപത്രിയിൽ കൊണ്ടുപോകാൻ യാചിച്ചെങ്കിലും ഡോൺ സമ്മതിച്ചില്ല. പോലീസിനെ വിളിക്കാൻ ശ്രമിച്ചപ്പോൾ ഫോൺ തട്ടിപ്പറിച്ചു. പിന്നീട് ആശുപത്രിയിലെത്തിച്ചപ്പോൾ കോണിപ്പടിയിൽ നിന്ന് വീണതാണെന്ന് ഡോക്ടർമാരോട് കള്ളം പറഞ്ഞു. തുടർന്ന് പ്ലാസ്റ്റിക് സർജറിക്ക് വിധേയയായി.”
ഈ സംഭവത്തിനു ശേഷവും ഉപദ്രവം തുടർന്നതായും മാനസികമായും ശാരീരികമായും തകർന്നതായും ജസീല പറയുന്നു. പോലീസിൽ നേരിട്ട് പോയി പരാതി നൽകിയിട്ടും നടപടി വൈകി. പ്രതി മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ച ശേഷമാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.
ഇപ്പോൾ കേസ് മുന്നോട്ട് പോവുകയാണ്. കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞു. പരിക്ക് ഗുരുതരമാണ്. തെളിവുകളും മെഡിക്കൽ രേഖകളും വ്യക്തമാണ്. എന്നാൽ, ഞാൻ ഒരിക്കലും സമ്മതിച്ചിട്ടില്ലാത്ത ഒരു ഒത്തുതീർപ്പിന്റെ പേരിൽ കേസ് റദ്ദാക്കണമെന്ന് വാദിച്ച് എതിർകക്ഷി ഹൈക്കോടതിയിൽ ഒരു തടസ്സഹർജി നൽകിയിരിക്കുകയാണ്.”