മാവേലിക്കരയിൽ ഡി.സി.സി ജനറൽ സെക്രട്ടറി അടക്കം 5 സ്ഥാനാർത്ഥികളെ കോൺഗ്രസ് പുറത്താക്കി


മാവേലിക്കര- ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നിലപാടിൽ പ്രതിഷേധിച്ച് തെക്കേക്കര പഞ്ചായത്തിൽ വിമത സ്ഥാനാർത്ഥികളായി മത്സരിക്കുന്ന ഡി.സി.സി ജനറൽ സെക്രട്ടറി അടക്കമുളളവരെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. തെക്കേക്കര പഞ്ചായത്തിലെ നാല് പേരേയും വളളികുന്നം പഞ്ചായത്തിലെ ഒരു സ്ഥാനാർത്ഥിയേയുമാണ് പുറത്താക്കിയിരിക്കുന്നത്. തെക്കേക്കര പഞ്ചായത്തിലെ ഒന്നാം വാർഡിൽ മത്സരിക്കുന്ന ഇന്ദിര രാജു, രണ്ടാം വാർഡിൽ മത്സരിക്കുന്ന രാജമ്മ, മൂന്നാം വാർഡിൽ മത്സരിക്കുന്ന ഡി.സി.സി ജനറൽ സെക്രട്ടറി എം.കെ സുധീർ, 16ാം വാർഡിൽ മത്സരിക്കുന്ന സുജിതാ ബിനോജ്, വളളികുന്നം പഞ്ചായത്ത് 20ാം വാർഡിൽ മത്സരിക്കുന്ന എസ്.ലതിക എന്നിവരെയാണ് കെ.പി.സി.സി നിർദ്ദേശപ്രകാരം ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്.

തെക്കേക്കരയിൽ മണ്ഡലം പ്രസിഡന്റിനെ നിയമിച്ചതിലുള്ള അഭിപ്രായ വ്യത്യാസം ഒരു വിഭാഗം പ്രവർത്തകർ ബ്ലോക്ക് കോൺഗ്രസ് നേതൃത്വത്തേയും ജില്ലാ നേതൃത്വത്തേയും അറിയിച്ചിരുന്നു. എന്നാൽ ഇതിൽ പരിഹാരം ഉണ്ടാകാതിരുന്നതിനെത്തുടർന്ന് 16 വാർഡികളിൽ സ്ഥാനാർത്ഥികളെ നിർത്താൻ വിമത വിഭാഗം ശ്രമിച്ചിരുന്നു. എന്നാൽ പാർട്ടി നേതൃത്വം ഇടപെട്ട് നടത്തിയ സമവായ ശ്രമത്തിൽ ഇവരിൽ പലരും പിൻമാറിയെങ്കിലും സുധീർ അടക്കമുള്ളവർ മത്സര രംഗത്ത് തുടരുകയായിരുന്നു. വിമതരുടെ ഇടപെടൽ കാരണം വളരെ വൈകിയാണ് തെക്കേക്കരയിൽ കോൺഗ്രസിന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കഴിഞ്ഞത്. സമവയത്തിലൂടെ വിമതരായി മത്സരിക്കുന്നവരുടെ എണ്ണത്തിൽ കുറവ് വരുത്താൻ പാർട്ടി നേതൃത്വത്തിന് കഴിഞ്ഞെങ്കിലും ഇവരാരും തന്നെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമല്ല. പാർട്ടിയുടെ മുഖമായി നിന്നിരുന്ന നേതാക്കളുടെ അഭാവം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തെക്കേക്കരയിൽ കാര്യമായി ബാധിച്ചിട്ടുണ്ട്.

أحدث أقدم