
കാഞ്ഞങ്ങാട് പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. ചെമ്മട്ടംവയൽ സ്വദേശി കുഞ്ഞിരാമൻ (65) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് കുഞ്ഞിരാമനെ ഷോക്കേറ്റ് മരിച്ച നിലയിൽ നാട്ടുകാർ കണ്ടത്. രാവിലെ പത്തു മണിയോടെ വയലിൽ അടക്ക പറിക്കാൻ പോയതായിരുന്നു കുഞ്ഞിരാമൻ എന്ന് ബന്ധുക്കൾ പറയുന്നു. ഉച്ചയോടെ നാട്ടുകാരാണ് വയലിൽ വീണു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. കുഞ്ഞിരാമന്റെ കയ്യിൽ വൈദ്യുതി കമ്പി പിണഞ്ഞു കിടക്കുന്നുണ്ടായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്