പിന്നാലെ ശ്രീലേഖയെ അനുനയിപ്പിക്കാൻ വിവി രാജേഷ്, പ്രധാന നേതാക്കളെ സന്ദർശിക്കുന്നു എന്ന് പ്രതികരണം


ആർ ശ്രീലേഖയെ വീട്ടിലെത്തി കണ്ട് തിരുവനന്തപുരം മേയ‍ർ വിവി രാജേഷും, ഡെപ്യൂട്ടി മേയ‍ർ ആശ നാഥും. ശ്രീലേഖയെ അനുനയിപ്പിക്കാനാണ് ബിജെപി നേതൃത്വത്തിന്‍റെ ശ്രമം. രാവിലേ മേയരുടെ സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തിയാകും മുമ്പ് ശ്രീലേഖ മടങ്ങിയിരുന്നു. പ്രധാന നേതാക്കളെ കാണുന്നതിന്‍റെ ഭാഗമായാണ് സന്ദർശനം എന്നാണ് വിവി രാജേഷിന്‍റെ പ്രതികരണം . പ്രധാനപ്പെട്ട നേതാക്കളെയൊക്കെ പോയി കാണുന്നുണ്ടെന്നും ഇവിടെ നിന്നാണ് തുടക്കം, ആരോഗ്യ മേഖലയിൽ നടപ്പാക്കാൻ പോകുന്ന കാര്യങ്ങളെ പറ്റി ഡോക്ടർ സേതുനാഥിനോടും സംസാരിച്ചു. എല്ലാ പ്രവർത്തനങ്ങളിലും പിന്തുണ അറിയിച്ചിട്ടുണ്ട് എന്നും രാജേഷ് പ്രതികരിച്ചു. എന്നാല്‍ മേയർ പദവി കിട്ടാത്തതിൽ ആർ ശ്രീലേഖക്ക് കടുത്ത അതൃപ്തിയെന്നാണ് റിപ്പോർട്ടുകൾ. വിവി രാജേഷിന്‍റെ സത്യപ്രതിജ്ഞ തീരും മുമ്പെ ശ്രീലേഖ കൗൺസിൽ ഹാളിൽ നിന്ന് പുറത്തുപോയത് ചർച്ചയായി.

ഹാളിൽ രാജേഷിന്‍റെ സത്യപ്രതിജ്ഞയും ആഘോഷവും പൊടിപൊടിക്കുമ്പോഴാണ് അതിലൊന്നും ചേരാതെ ആർ ശ്രീലേഖ മടങ്ങുന്നത്. കൗൺസിൽ ഹാളിന് പുറത്തേക്കിറങ്ങി അതിവേഗം വാഹനം വിളിച്ച് പോയി. ഇന്നലെ ഉച്ചവരെ ഉറപ്പിച്ച മേയർ പദവി നഷ്ടമായതിന്‍റെ അതൃപ്തിയിലാണ് ആ‌ർ ശ്രീലേഖ. ശാസ്തമംഗലത്ത് മത്സരത്തിന്  ഇറക്കുമ്പോൾ തന്നെ സംസ്ഥാന ഭാരവാഹികളിൽ ചിലർ ഭരണത്തിലെത്തിയാൽ മേയർ പദവി ശ്രീലേഖക്ക് വാഗ്ദാനം ചെയ്തെന്നാണ് വിവരം. അധികാരം പിടിച്ചശേഷം സംസ്ഥാന നേതൃത്വം ശ്രീലേഖയെ ഉറപ്പിച്ചിരുന്നു. സംസ്ഥാന നേതൃനിരയിലുള്ള ചിലനേതാക്കൾക്ക് വിവി രാജേഷിനോടുള്ള എതിർപ്പും ശ്രീലേഖയെ പിന്തുണക്കാനുള്ള മറ്റൊരു കാരണമായിരുന്നു. എന്നാൽ മുൻ അധ്യക്ഷന്മാരടക്കമുള്ള നേതാക്കളോട് ചർച്ച ചെയ്യാതെ ശ്രീലേഖയെ തീരുമാനിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ കേന്ദ്ര നേതാക്കളെ വിളിച്ച് കടുത്ത ആശങ്ക അറിയിച്ചതും പിന്നാലെ ആർഎസ്എസ് ഇടപെടലും  പദവി രാജേഷിലേക്കെത്തിച്ചു.

أحدث أقدم