
ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ പ്രതികരണവുമായി എംവി ഗോവിന്ദൻ. രാഹുലിന്റെ രാജി കേരളം മുഴുവൻ ആവശ്യപ്പെട്ടതെന്ന് എംവി ഗോവിന്ദൻ. കേട്ടുകേൾവിയില്ലാത്ത പരാതികളാണ് വരുന്നത്. വിഷയത്തിൽ കോൺഗ്രസ് എപ്പോഴാണ് രാഹുലിനെ പുറത്താക്കിയത്? സസ്പെൻഡ് ചെയ്തപ്പോൾ പറഞ്ഞത് പരാതികൾ ലഭിച്ചിട്ടില്ലെന്നാണ് എന്നാൽ ഇപ്പോൾ മിക്ക നേതാക്കളും പറയുന്നത് നേരത്തെയും പല പരാതികളും ലഭിച്ചിരുന്നു എന്നാണ്. കെപിസിസിയ്ക്ക് മുൻപാകെ ഒമ്പത് പരാതികൾ ലഭിച്ചിരുന്നു എന്നാണ് വാർത്തകൾ വരുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മുകേഷിനെതിരായ ആരോപണങ്ങൾക്കെതിരെയുള്ള ചോദ്യങ്ങൾക്കും എംവി ഗോവിന്ദൻ മറുപടി പറഞ്ഞു. “മുകേഷ് അന്നും ഇന്നും പാർട്ടി മെമ്പറല്ല. മുകേഷിനെതിരെ സംഘടനാ നടപടി എടുക്കാൻ മുകേഷ് സംഘടനയിലില്ല. മുകേഷിനെതിരെ പാർട്ടി കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. കേസിൽ തുടർനടപടി വരുമ്പോൾ നോക്കാം” എന്നും എംവി ഗോവിന്ദൻ പറഞ്ഞു.