ഏഴുപേരെ ജീവിതത്തിലേക്ക് തിരികെ നടത്തിയ ഷിബുവിന് കണ്ണീരണിഞ്ഞ് യാത്രാ മൊഴിയേകി ജന്മനാട്….


കൊല്ലം: പ്രിയപ്പെട്ടവരോട് യാത്ര പറഞ്ഞ് ഷിബു യാത്രയായി. തിരികെ മടങ്ങാത്ത യാത്രയിലും ഷിബുവിന്റെ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു. ചേതനയറ്റ ആ ശരീരത്തിലല്ല, നേപ്പാൾ സ്വദേശിനി ദുർഗകാമിയിൽ. അങ്ങനെ അങ്ങനെ 7പേർക്ക് ജീവനും ജീവിതവും പകർന്നാണ് ചിറക്കര ഇടവട്ടം ഷിജി നിവാസിൽ ഷിബു മടങ്ങുന്നത്.

കഴക്കൂട്ടത്തെ ഹോട്ടൽ ജീവനക്കാരനായിരുന്ന ഷിബുവിന് കഴിഞ്ഞ 14നു വൈകിട്ടാണ് മുക്കൂട്ടുകുന്നിൽ വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റത്. വിദഗ്ധ ചികിത്സയ്ക്കായി 15 നു തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും 21നു മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തുടർന്ന് വീട്ടുകാരുടെ അനുവാദത്തോടെ അവയവങ്ങൾ ദാനം ചെയ്യുകയായിരുന്നു.

ഇന്നലെ ഉച്ചയോടെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഷിബുവിന്റെ മൃതദേഹം വിലാപയാത്രയായ് വീട്ടിലെത്തിച്ചത്. ഷിബുവിനെ അവസാനമായി കാണാൻ വൻജനാവലി തന്നെ വീട്ടിൽ തടിച്ചുകൂടിയിരുന്നു. ഷിബുവിന്റെ അമ്മ ശകുന്തളയെ സമാധാനിപ്പിക്കാൻ ബന്ധുക്കൾ പോലും പാടുപെട്ടു. ചാത്തന്നൂർ എം എൽ എ ജി. എസ്.ജയലാൽ ഉൾപെടെയുള്ള പ്രമുഖർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. വീട്ടുവളപ്പിലായിരുന്നു സംസ്കാരം

أحدث أقدم