നാനോ സാങ്കേതികവിദ്യയിൽ പുതിയ കണ്ടെത്തൽ; പാമ്പാടി കെജി കോളേജ് രസതന്ത്ര വിഭാഗം മേധാവി ഡോ. തോമസ് ബേബിക്ക് അഭിമാനനേട്ടം



പാമ്പാടി: ചങ്ങനാശേരി എസ്ബി കോളേജ് രസതന്ത്ര വിഭാഗവും പാമ്പാടി കെജി കോളേജ് രസതന്ത്ര വിഭാഗം മേധാവിയും ഗവേഷണ ഗൈഡുമായ ഡോ. തോമസ് ബേബിയും ചേർന്ന് നടത്തിയ അത്യാധുനിക ഗവേഷണത്തിന് കേന്ദ്ര സർക്കാരിന്റെ പേറ്റന്റ് അംഗീകാരം. 'പോർട്ടബിൾ ഇലക്ട്രോ സ്പിന്നിങ്' (Portable Electrospinning) എന്ന ഉപകരണത്തിന്റെ രൂപകൽപ്പനയ്ക്കും അതുവഴി നാനോ ഫൈബറുകൾ നിർമ്മിക്കുന്ന പുതിയ രീതിക്കുമാണ് ഈ അംഗീകാരം ലഭിച്ചത്.
ചങ്ങനാശേരി എസ്ബി കോളേജിലെ നാനോ മെറ്റീരിയൽസ് ഗവേഷണ ഗ്രൂപ്പിന്റെ ഭാഗമായാണ് ഡോ. തോമസ് ബേബി ഈ നേട്ടത്തിൽ പങ്കാളിയായത്. നിലവിലുള്ള സാങ്കേതികവിദ്യകളേക്കാൾ കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച ഗുണമേന്മയുള്ള നാനോ ഫൈബറുകൾ ഉല്പാദിപ്പിക്കാൻ ഈ ഉപകരണം സഹായിക്കും. ഇലക്ട്രോണിക്സ്, ഫിൽട്രേഷൻ, ടിഷ്യു എൻജിനീയറിങ്, മരുന്ന് വിതരണ സംവിധാനങ്ങൾ (Drug Delivery) തുടങ്ങിയ ഒട്ടേറെ മേഖലകളിൽ ഈ കണ്ടുപിടുത്തം വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എസ്ബി കോളേജ് രസതന്ത്ര വിഭാഗം മുൻ മേധാവി പ്രൊഫ. ടോം ലാൽ ജോസിന്റെ നേതൃത്വത്തിലുള്ള സംഘത്തിലാണ് ഡോ. തോമസ് ബേബി അംഗമായിരുന്നത്. ഡോ. ജോമിറ്റ് ടി. മാത്യു, ഗവേഷണ വിദ്യാർത്ഥിയായ ജേക്കബ് കെ. ചാക്കോ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ.

ഗവേഷണ രംഗത്തെ ഈ മികച്ച നേട്ടം പാമ്പാടി കെജി കോളേജിനും രസതന്ത്ര വിഭാഗത്തിനും വലിയ അഭിമാനമാണ് പകരുന്നത്. കോളേജ് അധികൃതരും സഹപ്രവർത്തകരും വിദ്യാർത്ഥികളും ഡോ. തോമസ് ബേബിയെ അഭിനന്ദിച്ചു.
أحدث أقدم