
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത് വൈകിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഎമ്മിന് ക്ഷീണം ഉണ്ടാക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ചോദ്യം ചെയ്യല്‍ മനപ്പൂര്‍വ്വം നീട്ടിയത്. കോടതി ഇടപെട്ടതുകൊണ്ടാണ് ഇപ്പോള്‍ ഇത് സംഭവിച്ചതെന്നും വിഡി സതീശന്‍ പറഞ്ഞു.
കേസിലെ പ്രധാനികളിലൊരാളായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായും മറ്റ് അംഗങ്ങളുമായും ബന്ധപ്പെടുത്തിയത് കടകംപള്ളി സുരേന്ദ്രനാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതികള്‍ കടകംപള്ളിക്കെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നും, മൊഴിപ്പകര്‍പ്പുകള്‍ പുറത്തുവരുമ്പോള്‍ ഇക്കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരും മൂന്ന് സിപിഎം നേതാക്കളും നിലവില്‍ ഈ കേസില്‍ ജയിലിലാണെങ്കിലും ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി തയ്യാറായിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.