ലക്ഷക്കണക്കിന് രൂപയ്ക്ക് കുഞ്ഞുങ്ങളെ വാങ്ങി വിൽക്കുന്ന അന്തർസംസ്ഥാന സംഘം പിടിയിൽ



ഹൈദരാബാദ്: സംസ്ഥാനങ്ങളിലുടനീളം ലക്ഷക്കണക്കിന് രൂപയ്ക്ക് കുഞ്ഞുങ്ങളെ വാങ്ങി വിൽക്കുന്ന അന്തർസംസ്ഥാന സംഘം തെലങ്കാന സൈബരാബാദ് സ്‌പെഷ്യൽ ഓപ്പറേഷൻസ് ടീമിൻ്റെ പിടിയിൽ. അറസ്റ്റിലായവർക്കെതിരെ മുമ്പ് ഒന്നിലധികം സംസ്ഥാനങ്ങളിൽ ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞുങ്ങളെയാണ് ഇവരുടെ കയ്യിൽ നിന്ന് രക്ഷിച്ചത്. ഓരോ കുഞ്ഞിനെയും 15 ലക്ഷം രൂപയ്ക്കാണ് വിറ്റത്.

കുട്ടികളില്ലാത്ത സമ്പന്നരായ ദമ്പതികളെയാണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടത്. ദത്തെടുക്കൽ നിയമപരമാണെന്ന് വരുത്തിത്തീർക്കാൻ വ്യാജ രേഖകളും നൽകിയിരുന്നു. ഈ ശൃംഖലയിൽ ഉൾപ്പെട്ട 12 വ്യക്തികളെ ഈ ഓപ്പറേഷൻ്റെ ഭാ​ഗമായി അറസ്റ്റ് ചെയ്തു. അഹമ്മദാബാദ് പോലുള്ള നഗരങ്ങളിൽ നിന്ന് കുട്ടികളെ കൊണ്ടുവന്ന് ഹൈദരാബാദിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുപോകുന്ന രാജ്യവ്യാപക വിതരണ ശൃംഖലയാണ് ഈ സംഘം നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പിടികൂടുന്നതിന് മുമ്പ് ഹൈദരാബാദ് മേഖലയിൽ മാത്രം 15 കുട്ടികളെ ഇവർ വിറ്റിരുന്നു.

أحدث أقدم