
കോൺഗ്രസ് നേതാവ് രേണുകാ ചൗധരി എംപി പാർലമെന്റിൽ നായയെ കൊണ്ടുവന്നത് വിവാദമാകുന്നു. രേണുകാ ചൗധരിയുടെ നടപടിയെ വിമർശിച്ച് ബിജെപി എംപി ജഗദംബികാ പാൽ രംഗത്തെത്തി. കോൺഗ്രസ് നേതാവിനെതിരെ ജഗദംബികാ പാൽ നടപടിയാവശ്യപ്പെട്ടതോടെ വിഷയത്തിന് കൂടുതൽ തീവ്രതയേറിയിരിക്കുകയാണ്.
പാർലമെന്റംഗങ്ങൾക്ക് പ്രത്യേകാധികാരങ്ങൾ ഉണ്ടെങ്കിലും അതിന്റെ ദുരുപയോഗം ശരിയല്ലെന്ന് ജഗദംബികാ പാൽ വിമർശിച്ചു. എന്നാൽ, “അത് ഒരുപാട് ചെറിയ നായയാണ്, ആരെയും ആക്രമിക്കാനുള്ളതല്ല” എന്നായിരുന്നു രേണുകാ ചൗധരിയുടെ പ്രതികരണം.
രേണുക നൽകിയ വിശദീകരണപ്രകാരം, പാർലമെന്റിലേക്കെത്തുന്നതിനിടെ വഴിയിൽ അപകടത്തിൽപെട്ട നിലയിൽ ഒരു നായകുട്ടിയെ കണ്ടതാണത്രേ. “ഒരു സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചതിന് പിന്നാലെ ഈ നായ റോഡിൽ അലഞ്ഞുനടക്കുന്നത് കണ്ടു. വാഹനമിടിക്കുമെന്ന ഭയത്തിൽ ഞാൻ അതിനെ എടുത്തു കാറിൽ ഇരുത്തിയാണ് പാർലമെന്റിലെത്തിച്ചത്. ഇവിടെ എത്തിയശേഷം വാഹനം നായയുമായി മടങ്ങി,” എന്നായിരുന്നു രേണുകാ ചൗധരിയുടെ വിശദീകരണം.
ഈ ചർച്ചകളുടെ ആവശ്യമെന്താണെന്നും രേണുകാ ചൗധരി ആരാഞ്ഞു. ശരിക്കും കടിക്കുന്നവർ ഉള്ളത് പാർലമെന്റിന് അകത്താണ്. അവരാണ് സർക്കാർ നടത്തുന്നത്. നമ്മളൊരു നിശ്ശബ്ദനായ ജീവിയെ സംരക്ഷിക്കുന്നു. അത് വലിയ പ്രശ്‌നവും ചർച്ചാവിഷയവുമാകുന്നു. സർക്കാരിന് മറ്റൊന്നും ചെയ്യാനില്ലേ?. ഞാൻ ആ നായയെ വീട്ടിലേക്ക് തിരിച്ചയക്കുകയും വീട്ടിൽതന്നെ സൂക്ഷിക്കാൻ പറയുകയും ചെയ്തിട്ടുണ്ട്. പാർലമെന്റിനുള്ളിലിരുന്ന് നിത്യേന നമ്മളെ കടിക്കുന്നവരെ കുറിച്ച് നാം സംസാരിക്കുന്നില്ല, അവർ പറഞ്ഞു