ഭീതിക്ക് വിരാമം, കുമ്പളത്താമണ്ണില്‍ കടുവ കെണിയില്‍ വീണു...





പത്തനംതിട്ട: വടശ്ശേരിക്കര കുമ്പളത്താമണ്ണില്‍ ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തിയ കടുവ കെണിയില്‍ വീണു. പ്രദേശത്തെ നിരവധി വളര്‍ത്തു മൃഗങ്ങളെ കടുവ പിടികൂടിയിരുന്നു. ഇതിന് പിന്നാലെ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. സ്വകാര്യ ഫാമിലെ ആടിനെ ഇന്നലെ കടുവ കടിച്ചു കൊന്നിരുന്നു.   

ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് കടുവ ആടിനെ പിടിച്ചത്. ഇതേ ആടിന്റെ അവശിഷ്ടങ്ങളുമായി സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഇരയെ തേടി കടുവ വീണ്ടുമെത്തുമെന്ന വനം വകുപ്പിന്റെ നിഗമനമാണ് വിജയം കണ്ടത്. മൂന്ന് വയസിന് അടുത്ത് പ്രായമുള്ളതാണ് കടുവ എന്നതാണ് വിലയിരുത്തല്‍. കടുവയെ വനം വകുപ്പ് വടശ്ശേരിക്കര റെയ്ഞ്ച് ഓഫീസിലേക്ക് മാറ്റും. ആരോഗ്യ പരിശോധനയ്ക്ക് ശേഷം പെരിയാര്‍ വന്യ ജീവി സങ്കേതത്തിന്റെ ഭാഗമായ ഗവി വനമേഖലയില്‍ തുറന്നുവിടും.     

ഇക്കഴിഞ്ഞ ഒക്ടോബര്‍ 28 ആണ് മേഖലയില്‍ ആദ്യം കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതേ ഫാമിലെ പോത്തിനെ ആയിരുന്നു അന്ന് കടുവ പിടികൂടിയത്. പിന്നാലെ പലകുറി കടുവ ഈ പ്രദേശത്ത് എത്തിയിരുന്നു. ഒക്ടോബര്‍ 30ന് ആണ് പ്രദേശത്ത് കൂട് സ്ഥാപിച്ചത്.
أحدث أقدم