​കരുണാകരന് ലഭിക്കാതിരുന്ന സോണിയയുടെ അപ്പോയിന്റ്‌മെന്റ്‌ ഗോവർദ്ധനും, പോറ്റിക്കും എങ്ങനെ കിട്ടി; മുഖ്യമന്ത്രി


 ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികള്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയത് എങ്ങനെയെന്ന ചോദ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയും ,ഗോവര്‍ദ്ധനും, സോണിയാ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നത്. സോണിയാ ഗാന്ധിയുടെ അപ്പോയിന്‍മെന്റ് ലഭിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെ ബുദ്ധിമുട്ടാണ്. കരുണാകരന് പോലും സോണിയയെ കാണാന്‍ അനുമതി ലഭിക്കാതിരുന്നിട്ടുണ്ട്. അത്തരം സാഹചര്യത്തില്‍ സോണിയയുമായി സ്വര്‍ണക്കൊള്ള കേസിലെ പ്രതികള്‍ എങ്ങനെ കൂടിക്കാഴ്ച്ച നടത്തിയെന്ന് മുഖ്യമന്ത്രി ചോദിച്ചു. അടൂര്‍ പ്രകാശിനും, ആന്റോ ആന്റണിക്കും,  പോറ്റിയും,  ഗോവര്‍ദ്ധനുമായി എന്താണ് ബന്ധം. അതുകൂടി പ്രതിപക്ഷ നേതാവും മുന്‍ പ്രതിപക്ഷ നേതാവും ജനങ്ങളോട് പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കേസ് നടക്കുകയാണ്. കേസില്‍ തട്ടിപ്പ് നടത്തിയത് ഏത് വിഭാഗത്തില്‍പ്പെടുന്നവരാണെങ്കിലും ശിക്ഷ അനുഭവിക്കണം. പ്രത്യേക അന്വേഷണ സംഘം ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കാര്യങ്ങള്‍ കൃത്യമായി കണ്ടെത്തി അന്വേഷണം ആ വഴിക്ക് പോകട്ടെയെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.  തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ സ്വര്‍ണക്കൊള്ള ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ പന്തളം ബിജെപിക്ക് നഷ്ടപ്പെട്ടു. ശബരിമല സ്വാധീനമുണ്ടെങ്കില്‍ പന്തളത്ത് ബിജെപിക്ക് നേട്ടമുണ്ടാകേണ്ടതായിരുന്നു. അങ്ങനെ ഉണ്ടായിട്ടില്ലല്ലോ  മുഖ്യമന്ത്രി പറഞ്ഞു.

Previous Post Next Post