വര്‍ഷം 12,000 രൂപ ധനസഹായം, കണക്ട് വര്‍ക്കില്‍ ആദ്യഘട്ടത്തില്‍ 10,000 ഗുണഭോക്താക്കള്‍; ഉദ്ഘാടനം ഇന്ന്





തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 'മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക്' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ബുധനാഴ്ച) വൈകീട്ട് നാലിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേരളത്തിലെ യുവതീയുവാക്കളുടെ തൊഴില്‍ സ്വപ്നങ്ങള്‍ക്ക് കരുത്തുപകരാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 10,000 ഗുണഭോക്താക്കളെയാണ് കണ്ടെത്തിയത്.  

യുവജനങ്ങളില്‍ നിന്ന് വലിയ സ്വീകാര്യതയാണ് പദ്ധതിക്ക് ലഭിക്കുന്നത്. ഇതിനോടകം 36,500 അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇതില്‍നിന്ന് സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കി അര്‍ഹരായ 10,000 പേരുടെ ആദ്യഘട്ട പട്ടിക തയ്യാറാക്കി സര്‍ക്കാരിന് കൈമാറിയെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ടെത്തും.

പഠനം പൂര്‍ത്തിയാക്കി തൊഴിലന്വേഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കുണ്ടാകുന്ന സാമ്പത്തിക മാനസിക സമ്മര്‍ദം കുറയ്ക്കുകയെന്ന ലക്ഷ്യത്തിലാണ് മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതി ആരംഭിച്ചത്. മത്സരപ്പരീക്ഷകള്‍ക്കോ നൈപുണ്യ പരിശീലനത്തിനോ തയ്യാറെടുക്കുന്ന യുവതീയുവാക്കള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതാണ് പദ്ധതി.   അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് മാസം ആയിരം രൂപ വീതം ഒരു വര്‍ഷത്തേക്ക് ധനസഹായം ലഭിക്കും.18നും 30നും ഇടയില്‍ പ്രായമുള്ളവരാകണം അപേക്ഷകര്‍. കുടുംബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപ വരെയുള്ള പ്ലസ് ടു, വിഎച്ച്എസ്ഇ, ഐടിഐ, ഡിപ്ലോമ, ബിരുദം എന്നിവ പാസായവര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം. പൂര്‍ണമായും സുതാര്യവും ലളിതവുമായ നടപടിക്രമങ്ങളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു
أحدث أقدم