തൃശൂരിൽ നടക്കാനിരിക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ വേദികളുടെ പേരുകളിൽ ഇനി താമരയും. സംസ്ഥാന കലോത്സവത്തിനായി സജ്ജമാക്കിയ തൃശൂരിലെ 25 വേദികള്‍ക്കും പൂക്കളുടെ പേരുകളാണ് നൽകിയിരുന്നത്. എന്നാൽ, ഇതിൽ നിന്നും താമര ഒഴിവാക്കിയതിൽ കഴിഞ്ഞ ദിവസം വിവാദം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് വേദി 15ന് താമര എന്ന പേര് നൽകിയത്. നേരത്തെ വേദി 15ന് ഡാലിയ എന്ന പേരാണ് നൽകിയിരുന്നത്. സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ ഒരു വേദിക്ക് താമര എന്ന പേര് നൽകുമെന്നും വിവാദങ്ങളിലേക്ക് പോകേണ്ട എന്ന് കരുതിയാണ് തീരുമാനമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കലോത്സവം ഭംഗിയായി നടത്തി എല്ലാവരുമായി സഹകരിച്ച് പോവാനാണ് ആഗ്രഹിക്കുന്നതെന്നും താമര എന്ന പേര് ഉള്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിച്ചാണ് നടപടിയെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
പൂക്കളുടെ പേരുകള്‍ വേദികള്‍ക്ക് നൽകിയപ്പോള്‍ താമര മനപ്പൂര്‍വം ഒഴിവാക്കിയെന്നാരോപിച്ച് ഇന്നലെ യുവമോര്‍ച്ച താമരയുമായി പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ബിജെപിയുടെ ചിഹന്മായതിനാൽ ഒഴിവാക്കിയതാണെന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി വി ശിവൻകുട്ടി വിശദീകരിച്ചത്. അതേസമയം, ദേശീയ പുഷ്പമാണ് താമരയെന്നും അത് ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കിയാണ് യുവമോര്‍ച്ച പ്രതിഷേധിച്ചത്. സൂര്യകാന്തി, പാരിജാതം, നീലക്കുറിഞ്ഞി, പവിഴമല്ലി, ശംഖുപുഷ്പം, ചെമ്പകം, മന്ദാരം, കനകാംബരം, ഗുൽമോഹര്‍, ചെമ്പരത്തി, കര്‍ണികാരം, നിത്യകല്ല്യാണി, പനിനീര്‍പ്പു, നന്ത്യാര്‍വട്ടം, ഡാലിയ, വാടാമല്ലി, മുല്ലപ്പൂവ്, ആമ്പൽപ്പൂവ്, തുമ്പപ്പൂവ്, കണ്ണാന്തളി, പിച്ചകപ്പൂ, ജമന്തി, തെച്ചിപ്പൂവ, താഴമ്പൂ, ചെണ്ടുമല്ലി തുടങ്ങിയ 25 പൂക്കളുടെ പേരുകള്‍ 25 വേദികള്‍ക്കായി നൽകിയപ്പോള്‍ താമര മാത്രം ഒഴിവാക്കിയതിനെതിരെയായിരുന്നു പ്രതിഷേധം. ഇന്നലെ കലോത്സവ വാളണ്ടിയര്‍മാരുടെ യോഗം നടന്നിരുന്ന തൃശൂര്‍ ടൗണ്‍ഹാളിലേക്കാണ് യുവമോര്‍ച്ച താമര പൂവും കയ്യിലേിന്തി മാര്‍ച്ച് നടത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.