യുഎഇയിലെ കിഴക്കൻ തീരമേഖലകളിൽ കനത്ത മഴ




ഫുജൈറ : യുഎഇയിലെ
കിഴക്കൻ തീരമേഖലകളിൽ കനത്ത മഴ തുടരുന്നു. ഇന്ന്(ശനി) പുലർച്ചെ മുതൽ ഫുജൈറയുടെ വിവിധ ഭാഗങ്ങളിൽ ശക്‌തമായ മഴയാണ് രേഖപ്പെടുത്തിയത്. ഫുജൈറയിലെ അൽ അഖ മേഖലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. വരും മണിക്കൂറുകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) മുന്നറിയിപ്പ് നൽകി.

കിഴക്ക് നിന്നുള്ള ന്യൂനമർദ്ദവും പടിഞ്ഞാറ് നിന്നുള്ള ഉയർന്ന മർദ്ദവും സംഗമിക്കുന്നതാണ് നിലവിലെ അസ്‌ഥിര കാലാവസ്ഥയ്ക്ക് കാരണം. ഉപരിതലത്തിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ വടക്കൻ മേഖലകളിലും മഴ കനക്കാൻ സാധ്യതയുണ്ട്. രാജ്യം പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും കിഴക്കൻ, വടക്കൻ മേഖലകളിൽ താഴ്ന്ന നിലയിലുള്ള മേഘങ്ങൾ രൂപപ്പെടുന്നത് മഴയുടെ സാധ്യത വർധിപ്പിക്കുന്നു.


ശനിയാഴ്ച രാത്രിയോടും ഞായറാഴ്‌ച പുലർച്ചെയോടും കൂടി തീരപ്രദേശങ്ങളിൽ ഈർപ്പം വർധിക്കാനും ഇത് മൂടൽമഞ്ഞിന് കാരണമാകാനും സാധ്യതയുണ്ട്. മൂടൽമഞ്ഞ് കാഴ്ചാപരിധി കുറയ്ക്കാൻ ഇടയുള്ളതിനാൽ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഇന്ന് പുലർച്ചെ 3:30 മുതൽ രാവിലെ 10 മണി വരെ പലയിടങ്ങളിലും മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ടായിരുന്നു. കടൽ പൊതുവെ ശാന്തമായിരിക്കുമെങ്കിലും കാറ്റ് ഇടയ്ക്കിടെ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത വേണം. കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കത്രമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു 
Previous Post Next Post