2000 രൂപയുടെ നോട്ടുകൾ ഇനിയും നിങ്ങളുടെ കൈവശമുണ്ടോ? എങ്കിൽ അവ മാറ്റിയെടുക്കാനുള്ള വഴികളിതാ..


2,000 രൂപ നോട്ടുകൾക്ക് ഇപ്പോഴും നിയമപരമായ സാധുതയുണ്ടെന്ന് (Legal Tender) റിസർവ് ബാങ്ക്. മൂന്നു വർഷം മുമ്പാണ് 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കാൻ ആർബിഐ തീരുമാനിച്ചത്. 2025 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച്, വിനിമയത്തിലുണ്ടായിരുന്ന 98 ശതമാനത്തിലധികം നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തിക്കഴിഞ്ഞു. എന്നാൽ ഏകദേശം 5,669 കോടി രൂപയുടെ നോട്ടുകൾ കൂടി വിപണിയിലോ ജനങ്ങളുടെ കൈവശമോ ഉണ്ടെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.

നോട്ടുകൾ എങ്ങനെ മാറ്റാം?
സാധാരണ ബാങ്ക് ശാഖകളിൽ 2,000 രൂപ നോട്ടുകൾ നിക്ഷേപിക്കാനോ മാറാനോ ഉള്ള സൗകര്യം 2023 ഒക്ടോബർ 7 ന് അവസാനിച്ചു. ഇപ്പോൾ നോട്ടുകൾ മാറാൻ താഴെ പറയുന്ന വഴികളാണുള്ളത്:

  • ആർബിഐ ഇഷ്യൂ ഓഫീസുകൾ: ഇന്ത്യയിലുടനീളമുള്ള ആർബിഐയുടെ 19 ഇഷ്യൂ ഓഫീസുകൾ വഴി നേരിട്ട് നോട്ടുകൾ മാറ്റിയെടുക്കുകയോ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയോ ചെയ്യാം. തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി തുടങ്ങിയ 19 നഗരങ്ങളിലാണ് ഈ ഓഫീസുകൾ പ്രവർത്തിക്കുന്നത്.
  • ഇന്ത്യ പോസ്റ്റ് (India Post): ആർബിഐ ഓഫീസുകളിൽ നേരിട്ട് എത്താൻ സാധിക്കാത്തവർക്ക് രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിൽ നിന്നും ഇൻഷുർ ചെയ്ത തപാലായി നോട്ടുകൾ അയക്കാവുന്നതാണ്. ഈ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും.

കൈവശമുള്ള 2,000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ വൈകിയെങ്കിലും അത് കുറ്റകരമല്ലെന്നും ആർബിഐ ആവർത്തിച്ച് വ്യക്തമാക്കുന്നു. ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ജനങ്ങൾക്ക് ഇപ്പോഴും കൈവശമുള്ള ഉയർന്ന മൂല്യമുള്ള ഈ നോട്ടുകൾ സുരക്ഷിതമായി മാറ്റാവുന്നതാണ്.

أحدث أقدم