രാജ്യത്ത് ആകാംക്ഷ നിറയുന്നു, ചരിത്രമെഴുതാൻ നിർമ്മല സീതാരാമൻ, 2026 കേന്ദ്ര ബജറ്റ് അവതരണം നാളെ


രാജ്യത്ത് വലിയ ആകാംക്ഷ നിറയുന്ന അസാധാരണ ഞായറാഴ്ചയാകും നാളെ. മറ്റൊന്നുമല്ല, രാജ്യം വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റ് അവതരണം നാളെയാണ്. മൂന്നാം മോദി സർക്കാറിന്റെ മൂന്നാം ബജറ്റ് നാളെ രാവിലെ 11 മണിക്ക് പാർലമെന്റിൽ ധനമന്ത്രി നിർമ്മല സീതാരാമനാകും അവതരിപ്പിക്കുക. അടുത്ത കാലത്തൊന്നും ഒരു ഞായറാഴ്ചയും കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ ഞായറാഴ്ചയിലെ ബജറ്റ് അവതരണം കൂടുതൽ ആകാംക്ഷയുണ്ടാക്കുന്നതാകുമെന്നാണ് പ്രതീക്ഷ. സ്വതന്ത്ര ഇന്ത്യയുടെ 88 -ാമത് ബജറ്റ് അവതരിപ്പിക്കാൻ തയ്യാറെടുക്കുന്ന നിർമ്മല സീതാരാമൻ പുതിയ ചരിത്രം കൂടിയാകും ബജറ്റ് അവതരണത്തിൽ സ്വന്തമാക്കുക. തുടർച്ചയായി 9 ബജറ്റവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന റെക്കോർഡും ഇതോടെ നിർമ്മലക്ക് സ്വന്തമാകും.

ഞായറാഴ്ച ദിവസം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് അസാധാരണമായ നടപടിയാണ്. എന്നാൽ വാരാന്ത്യങ്ങളിൽ ബജറ്റ് അവതരിപ്പിക്കുന്നത് പുതിയ കാര്യമല്ല. 2025 ലെ ബജറ്റ് നിർമ്മല സീതാരാമൻ ശനിയാഴ്ചയാണ് അവതരിപ്പിച്ചത്. നേരത്തെ അരുൺ ജെയ്റ്റ്‌ലി 2015, 2016 വർഷങ്ങളിലെ ബജറ്റുകൾ അവതരിപ്പിച്ചത് ഫെബ്രുവരി 28 ശനിയാഴ്ച ദിവസമായിരുന്നു. ബജറ്റ് നിർദ്ദേശങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ 2017 മുതലാണ് ബജറ്റ് തീയതി ഫെബ്രുവരി 28 ൽ നിന്നും ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയത്. ഇക്കാരണത്താലാണ് ഇത്തവണത്തെ ബജറ്റ് ഞായറാഴ്ച ദിവസം അവതരിപ്പിക്കപ്പെടുന്നത്.

നിർമ്മല സീതാരാമൻ തുടർച്ചയായി അവതരിപ്പിക്കുന്ന ഒൻപതാമത്തെ ബജറ്റാണ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇതോടെ തുടർച്ചയായി ഒൻപത് ബജറ്റുകൾ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ ധനമന്ത്രി എന്ന ചരിത്രനേട്ടം അവർക്ക് സ്വന്തമാകും. രാജ്യത്ത് ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളതിന്‍റെ റെക്കോർഡ് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പേരിലാണ്. മൊത്തം പത്ത് ബജറ്റുകൾ അവതരിപ്പിച്ചിട്ടുള്ള മൊറാർജിയുടെ റെക്കോർഡിന് തൊട്ടടുത്തെത്തുകയാണ് നിർമ്മല സീതാരാമൻ.

أحدث أقدم