
പൊങ്കലിന് അർഹരായ കുടുംബങ്ങൾക്ക് 3000 രൂപ വീതം നൽകാൻ തീരുമാനിച്ച് ഡിഎംകെ സർക്കാർ. ഇത്തവണ പൊങ്കൽ കിറ്റിനു പകരമാണ് 3,000 രൂപാ വീതം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ 2,22,91,710 കുടുംബങ്ങൾക്ക് മൂവായിരം രൂപ വീതം ലഭിക്കും. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് അൽപ സമയം മുമ്പ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജനുവരി 14 മുതലാണ് തമിഴ്‌നാട്ടിൽ പൊങ്കൽ ആഘോഷം.
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് 2021ൽ അണ്ണാ ഡിഎംകെ സർക്കാർ പൊങ്കൽ കിറ്റിനു പകരം 2,500 രൂപ നൽകിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ അതേ തന്ത്രം പയറ്റുകയാണ് ഡിഎംകെ സർക്കാരും. ഒരു കിലോ വീതം പച്ചരി, പഞ്ചസാര, ഒരു കരിമ്പ് എന്നിവയടങ്ങുന്ന കിറ്റ് ആണ് പൊങ്കലിനു നൽകാറുള്ളത്. സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കം കണക്കിലെടുത്ത് കഴിഞ്ഞ വർഷം പണം നൽകിയിരുന്നില്ല. അതിനു മുമ്പ് ഡിഎംകെ സർക്കാർ 1,000 രൂപ നൽകിയിരുന്നു. പൊങ്കൽ ആനുകൂല്യങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉടൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് മന്ത്രി ആർ. ഗാന്ധി നേരത്തെ സൂചിപ്പിച്ചിരുന്നു. ജനുവരി 10നകം വിതരണം പൂർത്തിയാക്കും.
3000 രൂപ വീതം പൊങ്കലിന് പണം നൽകുന്നത് ഡിഎംകെയ്ക്ക് കൂടുതൽ വോട്ടു ലഭിക്കുന്നതിനും ഭരണം നിലനിറുത്തുന്നതിനും സഹായിക്കുമെന്നാണ് വിലയിരുത്തൽ എല്ലാ വീട്ടിലും സന്തോഷം നിറഞ്ഞൊഴുകട്ടെ എന്നാണ് മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ ഇന്നലെ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചത്.