സ്പെയിനെ നടുക്കി ഹൈസ്പീഡ് ട്രെയിനുകളുടെ കൂട്ടിയിടി; 39 മരണം, അപകടത്തിൽപെട്ടത് 400ലേറെ യാത്രക്കാർ.





മാഡ്രിഡ് സ്പെയിനിൽ രണ്ട് ഹൈസ്പ‌ീഡ് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 39 പേർ മരിച്ചതായി റിപ്പോർട്ട്. നൂറിലധികം പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം 6.40നാണ് രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായത്. കോർഡോബയ്ക്കടുത്തുള്ള അഡാമുസിൽ നടന്ന അപകടത്തിൽ നിരവധിപേർ രാത്രി വൈകിയും ട്രെയിനുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നതായി റിപ്പോർട്ടുകൾ പറയുന്നു.


മലാഗയിൽ നിന്നും മാഡ്രിഡിലേക്കുള്ള ട്രെയിനും ഹുവേലയിലേക്കുള്ള ട്രെയിനും തൊട്ടടുത്ത പാളങ്ങളിലൂടെ സഞ്ചരിക്കുന്നതനിടെ പാളം തെറ്റി തമ്മിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. നൂറിലധികം പേരെ ഗുരുതരമായ പരുക്കുകളോടെ വിവിധ ആശുപ്രതികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും, അതിൽ 25 പേരുടെ നില അതീവ ഗുരുതരമാണെന്നും സ്‌പാനിഷ് ഗതാഗത മന്ത്രി അറിയിച്ചു.


ഇരു ട്രെയിനുകളിലുമായി നാനൂറിലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഒരു ഭൂമികുലുക്കം സംഭവിച്ചതുപോലെയുള്ള അനുഭവമായിരുന്നു എന്നാണ് അപകടം നടക്കുന്ന സമയത്ത് ട്രെയിനിൽ ഉണ്ടായിരുന്ന, റേഡിയോ നാഷണൽ ഡി എസ്‌പാനയിലെ പ്രമുഖ മാധ്യമപ്രവർത്തകൻ സാൽവഡോർ ജിമെനെസ് പറഞ്ഞത്. അപകടം നടന്ന ഉടൻ തന്നെ ട്രെയിൻ ജീവനക്കാർ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുകയും, ഉടനടി അപകടത്തിൽപെട്ടവർക്ക് സഹായം ലഭ്യമാക്കുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

Previous Post Next Post