പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ രംഗത്ത്. വീരാളിപ്പട്ട് അണിഞ്ഞ് കിടക്കുമെന്ന രാജാപ്പാർട്ട് ഡയലോഗ് പറഞ്ഞ സതീശൻ വർഗീയയതയ്ക്കെതിരെയുള്ള പോരാട്ടത്തിൻ്റെ അപ്പോസ്തലപ്പട്ടം സ്വയം അണിഞ്ഞ് അഭിനയിച്ചു തകർക്കുകയാണെന്നും അദ്ദേഹത്തെ ഇപ്പോൾ ജനം സഹാനുഭൂതിയോടെയാണ് നോക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.
മുസ്ലിങ്ങളും, ക്രിസ്ത്യാനികളും, കമ്മ്യൂണിസ്റ്റുകാരും ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കളാണെന്ന് പറഞ്ഞ ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി കുമ്പിട്ട് തൊഴുതു നിൽക്കാൻ പോയ സതീശനെ ആരും മറന്നിട്ടില്ല. പറവൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ ആർഎസ്എസിൻ്റെ ദയാദാക്ഷണ്യത്തിന് കൈനീട്ടുകയും സഹായം പറ്റി ജയിക്കുകയും ചെയ്ത സതീശനെ നാട്ടുകാർക്കറിയാം. ആർഎസ്എസ് നേതാവ് ആർ വി ബാബുവും പിന്നീട് ബി.ജെ.പിയുടെ കൃഷ്ണദാസും ഇത് തുറന്നു പറഞ്ഞിട്ടുണ്ട്. അവർക്കെതിരെയൊന്നും സതീശൻ ഈ അഭിനയം കാഴ്ച്ച വച്ചിട്ടില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി.
‘മതമാണ് മതമാണ് മതമാണ് പ്രശ്നം’ എന്ന് ആണയിട്ട് വർഗീയത പറയുന്ന കെ എം ഷാജിയെ അദ്ദേഹം ചേർത്തു നിർത്തുന്നു. ഇസ്ലാമിക മതരാഷ്ടവാദികളായ ജമാ-അത്തെ ഇസ്ലാമിയാണ് അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട സഖ്യകക്ഷി. കോൺഗ്രസ് കേന്ദ്രം ഭരിക്കുമ്പോൾ രണ്ട് തവണ നിരോധിച്ച ജമാ-അത്തെ ഇസ്ലാമി മതരാഷ്ട്രവാദികളല്ലെന്ന് സതീശൻ ഗുഡ് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും വിജയരാഘവൻ പറഞ്ഞു