
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ കാണാന്‍ എത്തിയത് അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനൊപ്പം ആയിരുന്നെന്ന് ആന്റോ ആന്റണി എംപി. 2013ലാണ് സംഭവമെന്നാണ് ഓര്‍മ. സോണിയ ഗാന്ധിയെ കാണാന്‍ താന്‍ ഇറങ്ങിയപ്പോഴാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അടക്കം ശബരിമലയില്‍ നിന്നുള്ള സംഘം എത്തുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ തനിക്ക് അറിയില്ലായിരുന്നു. ശബരിമല ഉള്‍ക്കൊള്ളുന്ന പ്രദേശത്തെ എംപിയെന്ന നിലയിലായിരുന്നു ഫോട്ടോയ്ക്ക് പോസ് ചെയ്തതെന്നും ആന്റോ ആന്റണി പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു ആന്റോ ആന്റണിയുടെ പ്രതികരണം.
ഇന്ത്യയില്‍ എവിടെയുള്ളവര്‍ക്കും സോണിയ ഗാന്ധിയെ കാണാം. അപോയ്ന്‍മെന്റ് എടുക്കണമെന്ന് മാത്രമേയുള്ളൂ. എംപി കൂടെയുണ്ടെങ്കില്‍ മാത്രമേ സോണിയയെ കാണാന്‍ കഴിയൂ എന്നില്ല. സോണിയ ഗാന്ധിക്ക് , ഉണ്ണികൃഷ്ണന്‍ പോറ്റി സമ്മാനമൊന്നും നല്‍കിയില്ല. കൈയില്‍ ഒരു ചരട് കെട്ടി നല്‍കുക മാത്രമാണ് ചെയ്തത്. എന്താണെന്ന് താന്‍ ചോദിച്ചിരുന്നു. ശബരിമലയില്‍ നിന്നുള്ള ചരടാണെന്നാണ് പറഞ്ഞത്. ആ സംഭവത്തിന് ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റിയെ കണ്ടിട്ടില്ല. കേസ് വന്നതിന് ശേഷമാണ് അന്ന് ഫോട്ടോയെടുത്ത ആളാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെന്നും അറിഞ്ഞത് ആന്റോ ആന്റണി പറഞ്ഞു.
ജനപ്രതിനിധി എന്ന നിലയില്‍ പലര്‍ക്കൊപ്പവും ഫോട്ടോയെടുക്കാറുണ്ട്. അവര്‍ ആരൊക്കെയാണെന്ന് അറിഞ്ഞിട്ടില്ല ഫോട്ടോയെടുക്കുന്നത്. നാളെ അവര്‍ ഏതെങ്കിലും കേസില്‍ പ്രതിയായാല്‍ താനാണോ മറുപടി പറയേണ്ടതെന്ന് ആന്റോ ആന്റണി ചോദിച്ചു. ഇങ്ങനെയൊരു പ്രചരണം കൊണ്ടുപോകുന്നത് തെറ്റാണ്. അടൂര്‍ പ്രകാശിന് ഉണ്ണികൃഷ്ണന്‍ പോറ്റി ഗിഫ്റ്റുകൊടുത്ത കാര്യം തനിക്ക് അറിയില്ലെന്നും ആന്റോ ആന്റണി വ്യക്തമാക്കി.