സാങ്കേതികവിദ്യയെ കേവലം സിദ്ധാന്തങ്ങളിൽ ഒതുക്കാതെ ജനങ്ങളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഉപയോഗിക്കണം. ഭരണനിർവഹണത്തിൽ ഉൾപ്പടെ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ നിർമ്മിത ബുദ്ധിക്ക് സാധിക്കും. സർക്കാർ സേവനങ്ങൾ ഓട്ടോമേഷനിലൂടെ കൂടുതൽ സുതാര്യമാക്കാനും ജനങ്ങളുടെ അഭിപ്രായങ്ങൾ എളുപ്പത്തിൽ സ്വരൂപിക്കാനും ഇതുവഴി സാധിക്കും.
ആരോഗ്യമേഖലയിൽ രോഗനിർണയത്തിനും സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ഉറപ്പാക്കാനും, പ്രെഡിക്റ്റീവ് അനലിറ്റിക്സ് ഉപയോഗിച്ച് പ്രകൃതിക്ഷോഭങ്ങൾ മുൻകൂട്ടി പ്രവചിക്കാനും എഐ ഉപയോഗപ്പെടുത്താനാകും. വിദ്യാഭ്യാസ രംഗത്ത് സ്കൂൾ തലം മുതൽ എഐ പരിശീലനം ഉറപ്പാക്കി വിദ്യാർത്ഥികളെ തൊഴിൽ മേഖലയിൽ മുൻപന്തിയിൽ എത്തിക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.