
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ജനുവരി എട്ടിനായിരുന്നു സംഭവം. മുടവൻമുകൾ സൗത്ത് റോഡ് മേരിവിലാസത്തിൽ അമൽ സുരേഷാണ് അറസ്റ്റിലായത്. ബൈക്കുമായി മുങ്ങിയ പ്രതിയെ മാനവിയം വീഥിയിൽ വച്ച് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കമീഷണർ ഓഫിസിൽ എത്തിയ പൊലീസുകാരന്റെ ബൈക്കാണ് അമൽ മോഷ്ടിച്ചത്. പൊലീസുകാരൻ പരാതി നൽകിയതോടെ സമീപത്തെ സി.സി.ടി.വി ക്യാമറകളിൽ നിന്ന് അമലിന്റെ ദൃശ്യം ലഭിച്ചു. ബൈക്കുമായി നഗരത്തിൽ കറങ്ങിയ ഇയാൾ രാത്രി 11 മണിയോടെ മാനവീയം വീഥിയിലെത്തുകയായിരുന്നു.
ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മ്യൂസിയം പൊലീസ് സീനിയർ സിവിൽ പൊലീസ് ഓഫീസർ അജു, ഹോംഗാർഡ് സതീഷ് എന്നിവർ പ്രതിയെ തിരിച്ചറിയുകയും വാഹനം പിടിച്ചെടുക്കുകയുമായിരുന്നു. അമൽ നേരത്തെയും ബൈക്ക് മോഷണത്തിന് അറസ്റ്റിലായിരുന്നു.