പുനലൂർ : മുഖ്യമന്ത്രി പിണറായി വിജയൻ പൊതുയോഗങ്ങളിൽ പ്രസംഗിക്കാൻ എഴുന്നേറ്റാൽ നെഞ്ചിടിപ്പു കൂടുന്ന ഒരു വിഭാഗമുണ്ട്. മൈക്ക് ഓപ്പറേറ്റർമാർ . പ്രസംഗം കഴിയും വരെ ഒരു സമാധാനവും കാണില്ല ഇവർക്ക് . മുഖ്യമന്ത്രിയുടെ കോപത്തിന് പാത്രമാകാതിക്കാൻ പല തവണ ചെക്ക് ചെയ്യും. സംഘാടകരും ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തും. മൈക്ക് പണിമുടക്കിയാലുണ്ടാകാവുന്ന ഭവിഷത്ത് മുൻപും വാർത്തയായിട്ടുമുണ്ട്. ഇന്നലെയും ഇത്തരമൊരു സംഭവമുണ്ടായി. മുഖ്യമന്തി സംസാരിക്കവേ മൈക്ക് പണിമുടക്കി. പുനലൂരിൽ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന പ്രസംഗം തുടങ്ങിയപ്പോഴാണ് മൈക്കിന് തകരാറിലായത്. ‘ഏരിയ കമ്മിറ്റി ഓഫീസിന്‘ വി.എസ്.അച്യുതാനന്ദന്റെ പേര് നൽകിയത് എല്ലാ അർത്ഥത്തിലും ഔചിത്യപൂർണമായ നടപടിയാണന്നും, വി.എസ് ഭവന്റെ ഔപചാരികമായ ഉദ്ഘാടനം എല്ലാവരുടെയും അനുമതിയോടെ നിർവഹിച്ചതായി ആദ്യമായി’ എന്ന് പറഞ്ഞപ്പോഴേക്കും പണി കിട്ടി. മൈക്ക് തകരാറിലായി. പക്ഷെ ഇക്കുറി മുഖ്യമന്ത്രി ദേഷ്യപ്പെട്ടില്ല.
സംസാരിക്കുന്നത് കട്ട് ആകുന്നതായും, മൈക്കുകാരൻ ശ്രദ്ധിക്കണമെന്നും ക്ഷുഭിതനാകാതെ മുഖ്യമന്ത്രി പറഞ്ഞു. ‘മൈക്കുകാരൻ എന്ന് പറഞ്ഞപ്പോൾ മൈക്ക് ഇല്ല, കാരനെയുള്ളൂ’ എന്ന് ചെറുചിരിയോടെ ഒരു തമാശയും. ഉടൻ തന്നെ സൗണ്ട് സിസ്റ്റത്തിന്റെയാൾ എത്തി, തകരാറുള്ള മൈക്ക് മാറ്റി പുതിയത് ഘടിപ്പിച്ചു. മുഖ്യമന്ത്രി പ്രസംഗം തുടരുകയും ചെയ്തു.