പതിവായി വാക്സിൻ എടുത്ത വളർത്തുനായയുടെ കടിയേറ്റ് മുൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകൾക്ക് ദാരുണാന്ത്യം




ഗാന്ധിനഗർ : പതിവായി വാക്സിൻ എടുത്ത വളർത്തുനായയുടെ കടിയേറ്റ് മുൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകൾക്ക് ദാരുണാന്ത്യം. ഗുജറാത്ത് സർക്കാരിൽ അഡീഷണൽ ചീഫ് സെക്രട്ടറി ആയിരുന്നയാളുടെ മകളാണ് പേവിഷ ബാധയേറ്റ് മരിച്ചത്. ഗാന്ധിനഗറിലെ പ്രമുഖ സ്കൂളിലെ ചുമതലക്കാരി കൂടിയായ യുവതിയാണ് മരണപ്പെട്ടത്. ബീഗിൾ ഇനത്തിലുള്ള വളർത്തുനായയാണ് ഇവരെ ആക്രമിച്ചത്. കൃത്യമായി വാക്സിനുകൾ എടുത്തിരുന്ന നായും ചത്തിരുന്നു. സംഭവം വലിയ രീതിയിലുള്ള ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഒക്ടോബർ മാസത്തിലാണ് യുവതിയെ നായ്  കടിച്ചത്. സ്കൂൾ പരിസരത്ത് നായ കളിക്കുന്നതിനിടയിലായിരുന്നു സംഭവം. പരിക്ക് സാരമില്ലാതിരുന്നതിനാലും,  കൃത്യമായി നായയ്ക്ക് വാക്സിൻ എടുത്തിരുന്നതിനാലും യുവതി പരിക്കേറ്റ സമയത്ത് റാബീസ് വാക്സിൻ എടുത്തിരുന്നില്ല. എന്നാൽ ഒരു ആഴ്ചയ്ക്ക് പിന്നാലെ അവശ നിലയിലായ നായ ഒക്ടോബർ 17 ന് ചത്തു. പേവീഷ ബാധയുടെ ലക്ഷണങ്ങളും നായ കാണിച്ചിരുന്നു.

ഇതിന് പിന്നാലെ നായയുമായി സമ്പർക്കത്തിൽ വന്ന എല്ലാവർക്കും സ്കൂൾ മാനേജ്മെന്റ് മുന്നറിയിപ്പ് നൽകിയിരുന്നു. സ്കൂൾ ക്യാംമ്പസിൽ തന്നെ വാക്സിനേഷൻ ഡ്രൈവും സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഡിസംബർ രണ്ടാം വാരത്തിൽ യുവതിക്ക് പേവിഷ ബാധയുടെ ലക്ഷണങ്ങൾ കണ്ട് തുടങ്ങി. പിന്നാലെ തന്നെ യുവതിയെ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർച്ചയായ ചികിത്സ ലഭ്യമാക്കിയെങ്കിലും യുവതി മരണപ്പെടുകയായിരുന്നു. രണ്ട് ആഴ്ചയിലേറെ ചികിത്സയിൽ കഴിഞ്ഞ യുവതിയെ രക്ഷിക്കാൻ സാധിച്ചില്ല. യുവതിയുടെ സംസ്കാരം ഗാന്ധിനഗറിലെ ശ്മശാനത്തിൽ പകർച്ച വ്യാധി പ്രോട്ടോക്കോൾ അനുസരിച്ച് നടത്തി. നായയുടെ കടിയേറ്റാൽ തെരുവ് നായയാണോ,  വളർത്തുനായയാണോ എന്ന് കണക്കിലെടുക്കാതെ വാക്സിൻ എടുക്കേണ്ടതിന്റെ ആവശ്യകത വിശദമാക്കുന്നതാണ് ഗുജറാത്തിലുണ്ടായ ഈ സംഭവം.
أحدث أقدم