
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ വിമർശനമുന്നയിച്ച മത്സ്യത്തൊഴിലാളി നേതാവ് ചാൾസ് ജോർജിനെതിരെ കേസ്. ദിലീപെത്തിയപ്പോൾ ജഡ്ജി എഴുന്നേറ്റ് നിന്നു എന്ന പരാമർശം വൻവിവാദമായിരുന്നു. വിധി വന്ന സമയത്ത് കോടതി സമുച്ചയത്തിന് മുന്നിൽ വെച്ചാണ് ചാൾസ് ജോർജ് മാധ്യമങ്ങളോട് ഇപ്രകാരം പറഞ്ഞത്. കോടതിവിധി പക്ഷപാതപരമാണെന്ന് ആരോപിക്കാൻ വേണ്ടി ചാൾസ് ജോർജ് പറഞ്ഞ കാര്യമാണ് വിവാദമായത്. ദിലീപ് കോടതി മുറിയിലെത്തിയപ്പോൾ ജഡ്ജി എഴുന്നേറ്റ് നിന്നു എന്നാണ് ചാൾസിന്റെ ആരോപണം. വിധി പറയുന്ന സമയത്ത് താൻ കോടതിമുറിയിൽ ഉണ്ടായിരുന്നു. ഇത് കോടതിയലക്ഷ്യമാണെന്ന് കാണിച്ച് അഭിഭാഷകർ നൽകിയ ഹർജിയിലാണ് എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പോലീസിനോട് എഫ്ഐആറിട്ട് കേസെടുക്കാൻ നിർദേശം നൽകിയത്. എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 190 വകുപ്പ് പ്രകാരമാണ് കേസ്.