കുടുംബം തകർക്കാനും, മക്കളെ തന്നിൽ നിന്ന് വേർപിരിക്കാനും ഉമ്മൻചാണ്ടി ബോധപൂർവ്വം ശ്രമിച്ചു; ഉമ്മൻചാണ്ടിക്കും, മകനുമെതിരെ ആരോപണങ്ങളുമായി,ഗണേഷ് കുമാർ


അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയും മകൻ ചാണ്ടി ഉമ്മനെതിരെയും രൂക്ഷമായ ആരോപണങ്ങളുമായി മന്ത്രി കെ ബി ഗണേഷ് കുമാർ. തന്റെ കുടുംബം തകർക്കാനും മക്കളെ തന്നിൽ നിന്ന് വേർപിരിക്കാനും ഉമ്മൻചാണ്ടി ബോധപൂർവ്വം ശ്രമിച്ചുവെന്നും കുടുംബ തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കാനെന്ന വ്യാജേന ഇടപെട്ട് തന്നെ ചതിക്കുകയായിരുന്നുവെന്നും ഗണേഷ് കുമാർ ആരോപിച്ചു. മുൻപ് മന്ത്രിസ്ഥാനത്ത് നിന്നും മാറിയപ്പോൾ പ്രശ്‌നങ്ങൾ പരിഹരിച്ച ശേഷം തിരിച്ചെടുക്കാമെന്ന് പറഞ്ഞ് തന്നെ പറ്റിച്ചുവെന്നും ഉമ്മൻചാണ്ടി തന്നോട് കാണിച്ചത് വലിയ ദ്രോഹമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മൻ നടത്തിയ ആരോപണങ്ങൾക്കും ഗണേഷ് മറുപടി പറഞ്ഞു. സരിതയെക്കൊണ്ട് ഉമ്മൻചണ്ടിക്കെതിരെ പറയിച്ചു എന്ന് ചാണ്ടി പറഞ്ഞതിനോട് ബൈബിൾ വചനം ഓർമിപ്പിച്ചാണ് ഗണേഷ് പ്രതികരിച്ചത്. ‘കള്ളസാക്ഷി പറയരുത്’ എന്ന ബൈബിൾ വചനം ചാണ്ടി ഓർക്കണമെന്നും മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണോ ചാണ്ടി ഉമ്മന് ഇത്തരം കാര്യങ്ങൾ ഓർമ്മ വന്നതെന്ന് പരിഹസിച്ച ഗണേഷ് കുമാർ, അറിയാത്ത കാര്യങ്ങൾ പറയാതിരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും കൂട്ടിച്ചേർത്തു. സി ബി ഐ തന്നോട് ചോദിച്ചതിന് നൽകിയ മൊഴി പൊതു സമൂഹത്തിൽ ഉണ്ട്. സോളാർ കേസിലെ കത്തുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകുന്ന രീതിയിലാണ് താൻ സി ബി ഐക്ക് മൊഴി നൽകിയത്. എന്നാൽ ആ നന്ദി പോലും ഉമ്മൻ ചാണ്ടി തന്നോട് കാണിച്ചില്ലെന്നും ഗണേഷ് അഭിപ്രായപ്പെട്ടു. ചാണ്ടി ഉമ്മൻ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നും അല്ലെങ്കിൽ എല്ലാം ഞാൻ വിളിച്ചു പറയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.


കെ കരുണാകരന്‍റെ ഭാര്യയെ പറഞ്ഞ ആൾ ഇപ്പോൾ എവിടെയെന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ചൂണ്ടി ഗണേഷ് ചോദിച്ചു. രാഹുലിനെ വിലക്കാൻ പോലും ആ സമയത്ത് കോൺഗ്രസിൽ ആരും ഉണ്ടായില്ല. കരുണാകരന്‍റെ ഭാര്യയെ പറഞ്ഞിട്ടും കെ സി വേണുഗോപാലിന് പോലും വിലക്കാൻ തോന്നിയില്ലെന്നും ഗണേഷ് വിമ‍ർശിച്ചു.

Previous Post Next Post