
കുവൈറ്റ് സിറ്റി: മലയാളി സംഘാടകരുടെ നേതൃത്വത്തിൽ പ്രശസ്ത സംഗീത ബാൻഡ് ‘മസാല കഫേ’, ഗായിക ഗൗരി ലക്ഷ്മി എന്നിവരെ പങ്കെടുപ്പിച്ച് ഇന്നലെ വൈകുന്നേരം അബ്ബാസിയ സെൻട്രൽ സ്കൂളിൽ നടത്താനിരുന്ന സ്റ്റേജ് ഷോ സുരക്ഷാ അധികൃതർ തടഞ്ഞു. പൊതു ധാർമിക നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടൽ. പരിപാടിയുടെ പ്രചാരണത്തിനായി ഉപയോഗിച്ച പോസ്റ്ററുകൾ പൊതു ധാർമികതയ്ക്ക് നിരക്കാത്തതാണെന്ന് അധികൃതർ വിലയിരുത്തി. കൂടാതെ, ടിക്കറ്റ് വിൽപ്പനയ്ക്കായി പാലിക്കേണ്ട ഔദ്യോഗിക മാനദണ്ഡങ്ങൾ ലംഘിച്ചതായും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി. കഴിഞ്ഞ ആഴ്ച സ്കൂളിൽ നേരിട്ടെത്തിയ ഉദ്യോഗസ്ഥർ വിശദവിവരങ്ങൾ ശേഖരിച്ച ശേഷമാണ് പരിപാടി റദ്ദാക്കാൻ നിർദ്ദേശം നൽകിയത്.
ഹാൾ ബുക്കിംഗും ടിക്കറ്റ് വിൽപ്പനയും പൂർത്തിയായ ശേഷമുണ്ടായ ഈ അപ്രതീക്ഷിത നടപടി പ്രവാസി മലയാളി പ്രേക്ഷകരെ നിരാശരാക്കിയിട്ടുണ്ട്. എന്നാൽ, ചില സാങ്കേതിക കാരണങ്ങളെ തുടർന്നാണ് ഇന്നത്തെ പരിപാടി മാറ്റിവെച്ചതെന്നും മറ്റൊരു ദിവസത്തേക്ക് ഷോ പുനഃക്രമീകരിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്നും സംഘാടകരിൽ ഒരാൾ അറിയിച്ചു. കുവൈറ്റിലെ കർശനമായ പൊതു നിയമങ്ങൾ പാലിക്കാത്തതാണ് പരിപാടിക്ക് തിരിച്ചടിയായതെന്നാണ് സൂചന. ടിക്കറ്റ് എടുത്തവർക്ക് പണം തിരികെ നൽകുന്നതിനെക്കുറിച്ചോ പുതുക്കിയ തീയതിയെക്കുറിച്ചോ ഉള്ള ഔദ്യോഗിക അറിയിപ്പുകൾ ഉടൻ ഉണ്ടായേക്കും.