പ്രവചനം സത്യമാക്കാൻ യുവതിയുടെ ഐഫോൺ മോഷ്ടിച്ച ജ്യോത്സ്യൻ അറസ്റ്റിൽ


        

തായ്‌ലൻഡിൽ യുവതിയുടെ ഐഫോൺ മോഷ്ടിച്ച ജോത്സ്യൻ അറസ്റ്റിൽ. പുതുവത്സര ദിനത്തിൽ യുവതിക്ക് നിർഭാഗ്യം നേരിടേണ്ടിവരുമെന്നും വിലപിടിപ്പുള്ള ഒരു വസ്തു നഷ്ടപ്പെടുമെന്നും പറഞ്ഞതിന് ശേഷമായിരുന്നു മോഷണം. 38 കാരനായ ഉഡോംസാപ് മുവാങ്കേവ് എന്നയാളാണ് പിടിയിലായത്. ഐഫോൺ നഷ്ടമായാൽ തന്റെ പ്രവചനത്തിന്റെ കൃത്യത തെളിയുമെന്ന് വിചാരിച്ചാണ് മോഷണം നടത്തിയതെന്ന് ജ്യോത്സ്യൻ പറഞ്ഞു. തായ്‌ലൻഡിലെ പട്ടായയിലെ വാട്ട് ചൈമോങ്‌കോൾ ക്ഷേത്രത്തിന് സമീപമാണ് സംഭവം.

പുതുവർഷ ദിനത്തിൽ പുലർച്ചെ പട്ടായയിലെ ഒരു ക്ഷേത്രത്തിന് മുന്നിൽ വയോധികൻറെ വേഷം കെട്ടിയാണ് ഉഡോംസാപ് ഇരുന്നിരുന്നത്. വഴിപോക്കരെ വിളിച്ച് ഭാവി പ്രവചിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്ന ഇയാളെ കണ്ട് പാവം തോന്നി 19-കാരിയായ പിം എന്ന യുവതി തൻറെ ഭാവി നോക്കാൻ തയ്യാറായി. യുവതിയുടെ ഭാവി പ്രവചിക്കുന്നതിനിടെ, ഉടൻ തന്നെ അവൾക്ക് വലിയൊരു നിർഭാഗ്യം സംഭവിക്കുമെന്നും വിലപിടിപ്പുള്ള എന്തോ ഒന്ന് നഷ്ടപ്പെടുമെന്നും ജ്യോത്സ്യൻ പറഞ്ഞു. ഇത് തടയാനായി പ്രത്യേക പൂജകൾ ചെയ്യാൻ പണം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവതി അത് നിരസിച്ചു.

ഭാവി നോക്കി കഴിഞ്ഞ് യുവതി എഴുന്നേറ്റ് പോയതിന് തൊട്ടുപിന്നാലെ തൻറെ ഐഫോൺ 13 പ്രോ കാണാനില്ലെന്ന് യുവതി തിരിച്ചറിഞ്ഞു. തിരികെ വന്ന് ചോദിച്ചപ്പോൾ, “നോക്കൂ, എൻറെ പ്രവചനം എത്ര കൃത്യമാണ്, നിനക്ക് ദോഷകാലം തുടങ്ങി” എന്നായിരുന്നു ജ്യോത്സ്യൻറെ മറുപടി. മോഷ്ടാവിനെ കണ്ടെന്നും അയാളുടെ രൂപം എങ്ങനെയുള്ളതാണെന്നും വരെ ഇയാൾ വിവരിച്ചു നൽകി.

ജ്യോത്സ്യൻറെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവതി നാട്ടുകാരുടെ സഹായത്തോടെ ഇയാളുടെ ബാഗ് പരിശോധിച്ചു. മാസ്കുകൾ വെക്കുന്ന ബോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഐഫോൺ കണ്ടെത്തി. തുടർന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പുതുവർഷത്തിൽ പണത്തിന് അത്യാവശ്യം വന്നതുകൊണ്ടാണ് മോഷ്ടിച്ചതെന്നും ഇത് തൻറെ ആദ്യത്തെ മോഷണമാണെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

തന്നെ വിട്ടയക്കണമെന്ന് ഇയാൾ യുവതിയോട് അപേക്ഷിച്ചെങ്കിലും, ഇത്തരക്കാർ ഇനിയും മറ്റുള്ളവരെ പറ്റിക്കാതിരിക്കാൻ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് യുവതി വ്യക്തമാക്കി. തായ്‌ലൻഡിലെ ആത്മീയ സാധനങ്ങളുടെയും സേവനങ്ങളുടെയും വിപണി 304 മില്യൺ മുതൽ 456 മില്യൺ ഡോളർ വരെ വിലമതിക്കുന്നതായി കണക്കാക്കപ്പെടുന്നു. സാധാരണ പൗരന്മാർ മുതൽ രാഷ്ട്രീയക്കാർ മുതൽ ബിസിനസ് മാഗ്നറ്റുകൾ വരെ, ജനസംഖ്യയുടെ വലിയൊരു ഭാഗം തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്തിലെ അറിയപ്പെടുന്ന ഭാഗ്യം പറയുന്നവരിൽ നിന്ന് പതിവായി മാർഗനിർദേശം തേടുന്നു.


Previous Post Next Post