മഹാരാഷ്ട്രയിലെ ബാരാമതിയിൽ സ്വകാര്യ വിമാനം ലാൻഡിംഗിന് തൊട്ടു മുൻപ് തകർന്നു വീണ സംഭവത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ (66) അന്തരിച്ചു. അദ്ദേഹത്തിന്റെ ഒപ്പം യാത്ര ചെയ്ത പൈലറ്റ് ഉൾപ്പെടെ മറ്റ് അഞ്ചു പേരും അപകടത്തിൽ മരിച്ചവരിൽ ഉൾപ്പെടുന്നു. നാല് പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാൻ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം.
എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ സഞ്ചരിച്ച വിമാനം ബുധനാഴ്ച രാവിലെ മഹാരാഷ്ട്രയിലെ ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തകർന്നുവീഴുകയായിരുന്നു. സംഭവത്തിൽ പവാറിന് ഗുരുതരമായി പരിക്കേറ്റതായും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പ്രാഥമിക റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിമാനം പൂർണമായും കത്തിനശിച്ച ദൃശ്യങ്ങളും, അപകടത്തിൽ പെട്ടവരെ ആംബുലൻസിൽ കൊണ്ടുപോകുന്നതുമായുള്ള ദൃശ്യങ്ങൾ തുടക്കത്തിലേ റിപ്പോർട്ട് ചെയ്യപ്പെട്ടു.
തകർന്നുവീണ സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ പ്രദേശത്ത് ചിതറിക്കിടക്കുന്നതായി കാണാം. വിമാനത്തിൽ നിന്ന് തീയും പുകയും ഉയർന്നു. സ്വകാര്യ ചാർട്ടേഡ് വിമാനത്തിലാണ് പവാർ യാത്ര ചെയ്തത്, അതിൽ മറ്റ് മൂന്ന് യാത്രക്കാർ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.