
സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ വികാരമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഐഎം നടത്തിയ ഗൃഹ സമ്പർക്ക പരിപാടിയിൽ അത് വ്യക്തമായെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി ജനങ്ങളുമായി അടുക്കണമെന്ന് ഗൃഹസന്ദർശനത്തിൽ വ്യക്തമായി. ജനങ്ങൾ മുന്നോട്ട് വെച്ച വിമർശനം ഉൾക്കൊള്ളും. പേരായ്മകൾ തിരുത്തി മുന്നോട്ട് പോകും. ജനങ്ങളുടെ നിർദ്ദേശങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തും. എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
ശബരിമല കള്ളക്കഥ പൊളിഞ്ഞെന്നും ജനങ്ങൾക്കത് മനസ്സിലായെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചു. ശബരിമല സ്വർണക്കൊള്ളയിൽ സിപിഐഎം ആരെയും സംരക്ഷിക്കില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സോണിയാ ഗാന്ധിയെ കാണാൻ പോറ്റി എന്തിന് പോയി എന്ന ചോദ്യത്തിന് ഉത്തരമില്ലെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. കൊടിമരത്തിലേയ്ക്ക് അന്വേഷണം വന്നപ്പോൾ എസ്ഐടിക്കെതിരെ വി ഡി സതീശൻ രംഗത്ത് വന്നു. തന്ത്രിയെ പിടിച്ചതോടു കൂടി ബിജെപിക്ക് മിണ്ടാട്ടമില്ല. പോറ്റിയെ കയറ്റിയത് ഇടതുപക്ഷമല്ല യുഡിഎഫ് ആണെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. സ്വർണക്കൊള്ള വിഷയത്തിൽ നിയമസഭയിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടിയെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.
കണ്ണൂരിൽ ആരോപണം ഉന്നയിച്ച കുഞ്ഞികൃഷ്ണൻ്റെ വിഷയത്തിൽ സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനം എടുക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. പാർട്ടി രക്തസാക്ഷി ഫണ്ടിൽ നിന്നും നയാപൈസ വകമാറ്റില്ല. ഒരു ക്രമക്കേടിനും പാർട്ടി കൂട്ടുനിൽക്കില്ല. പാർട്ടി വിഷയം ചർച്ച ചെയ്തതാണ്. കുഞ്ഞികൃഷ്ണൻ പാർട്ടിക്ക് അകത്ത് പറഞ്ഞതെല്ലാം പരിഗണിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഇനി പരാതിയുണ്ടെങ്കിൽ പോലീസിനെയും സമീപിക്കാമല്ലോയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
നാല് വോട്ട് കിട്ടാൻ അവസരവാദ നിലപാട് സ്വീകരിക്കുന്ന ആളാണ് വി ഡി സതീശൻ എന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ജമാഅത്തെ ഇസ്ലാമിയുമായി ഇനിയും ഞങ്ങൾ കൂട്ട് കൂടും എന്ന പറഞ്ഞത് വി ഡി സതീശനാണ്. ലോകം മുഴുവൻ ഇസ്ലാമിക രാജ്യമാകണം എന്ന് വാദിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിക്കാർ. അതു തന്നെയാണ് പരിപാടിയെന്ന് അവർ ആവർത്തിച്ച് പറയുകയാണ്. അപ്പോഴും അവരുമായി ചേരുമെന്നാണ് വി ഡി സതീശൻ പറയുന്നത്. തരാതരം പോലെ ജമാഅത്തെ ഇസ്ലാമിയുമായും, ആർഎസ്എസുമായി ചേരുന്നവരാണ് കോൺഗ്രസ് എന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയെയും എം വി ഗോവിന്ദൻ രൂക്ഷവിമർശനമാണ് നടത്തിയത്. എന്ത് തോന്ന്യാസവും പറയാൻ മടിക്കാത്ത തോന്നിയവാസിയാണ് കെ എം ഷാജിയെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. എകെജിയെക്കുറിച്ച് കെ എം ഷാജി പറഞ്ഞത് തോന്ന്യാസം ആണെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.