ആണുങ്ങളിൽ വിരലിലെണ്ണാവുന്നവരൊഴികെ എല്ലാവരും ഒരു പരിധി വരെ രാഹുലീശ്വരന്മാരാണ് ; ശാരദക്കുട്ടി


പെണ്ണ് ഒതുങ്ങുന്നതാണ് നല്ലതെന്നു പറയുന്നവർക്കാണ് ഒടുക്കത്തെ വനിതാ രത്നട്രോഫി കിട്ടുകയെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ആണുങ്ങളിൽ വിരലിലെണ്ണാവുന്നവരൊഴികെ എല്ലാവരും ഒരു പരിധി വരെ രാഹുലീശ്വരന്മാരാണ് എന്ന് തോന്നിയിട്ടുണ്ടെന്നാണ് ശാരദക്കുട്ടി ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്. ഇക്കാര്യത്തിൽ ഞാൻ രാഹുലീശ്വറിനൊപ്പമാണെ’ന്ന് പറയുന്നവർ എക്കാര്യത്തിലും അയാൾക്കൊപ്പം തന്നെയാണ്. കാരണം അയാൾ തന്നെയാണ് നിങ്ങളും. അവർക്ക് തർക്കിക്കാനാണ് ഇഷ്ടം. തർക്കത്തിൽ ജയിക്കുക മാത്രമാണവരുടെ ലക്ഷ്യം. പ്രത്യേകിച്ചും സ്ത്രീകൾ ഇടപെട്ട വിഷയമാണെങ്കിൽ അവർക്ക് ഒരു സ്ത്രീയുടെ പക്ഷത്തു നിന്ന് ചിന്തിക്കാനറിയില്ല. അറിയാഞ്ഞിട്ടല്ല, തർക്കത്തിൽ തോറ്റു പോയാൽ തോൽക്കുന്നത് അവരുടെ ആണത്തമാണെന്ന് അവർ കരുതുകയാണ്. കുളിക്കാൻ കയറുമ്പോൾ വെൻ്റിലേഷനെവിടെ എന്ന് ഭയപ്പാടോടെ ഒരിക്കൽ പോലും നോക്കേണ്ടി വരാത്തവർക്ക് ഇതെങ്ങനെ മനസ്സിലാകും? മാറത്ത് പുസ്തകമമർത്തി പിടിച്ച് ഇടവഴികളോടിക്കടക്കേണ്ടി വരാത്തവർക്ക് ഇതെങ്ങനെ മനസ്സിലാകും ? ഉത്സവപ്പറമ്പുകളിലും സിനിമാക്കൊട്ടകകളിലും പൊതു വാഹനങ്ങളിലും ഒളിപ്പോരാളികളെ പോലെ കവചവും മിനിആയുധങ്ങളും കരുതേണ്ടി വന്നിട്ടില്ലാത്തവർക്ക് ഇതെങ്ങനെ മനസ്സിലാകും ? സ്വന്തം മുൻഭാഗത്തെയും പിൻഭാഗത്തെയും ആഭാസന്മാരിൽ നിന്ന് സംരക്ഷിക്കാൻ ഒരിക്കൽ പോലും ശ്രമിക്കേണ്ടി  വന്നിട്ടില്ലാത്തവർക്ക് ഇതെങ്ങനെ മനസ്സിലാകും എന്നാണ് പെൺകുട്ടികൾ ചോദിക്കുന്നത്. നിരപരാധികൾ തന്നെയാണ് ഏറെയും ചരിത്രത്തിൽ ശിക്ഷിക്കപ്പെട്ടു കൊണ്ടിരുന്നത്, അവർ സ്ത്രീകളായിരുന്നതു കൊണ്ട് നിങ്ങൾക്കത് വാർത്തയായില്ല എന്നു മാത്രം എന്നും എഴുത്തുകാരി കുറിപ്പിൽ വിശദമാക്കുന്നത്

أحدث أقدم