പാര്‍ട്ടിയില്‍ ചെറുഗ്രൂപ്പുകള്‍ ഉണ്ടാക്കി സഹകരണ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നത് താന്‍ ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു, ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവാണ് മധുസൂദനന്‍, പയ്യന്നൂരിലെ പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കാന്‍ നോക്കി, തനിക്ക് മേലെ ആരും വളരരുത് എന്നായിരുന്നു ചിന്ത എന്നതടക്കം അതിരൂക്ഷ വിമര്‍ശനമാണ് വി കുഞ്ഞികൃഷ്ണന്‍ ഉയര്‍ത്തിയത്. വിഭാഗീയത തുടങ്ങിയത് അവിടെ നിന്നാണ് എന്നും എല്ലായിപ്പോഴും നേതൃത്വം മധുസൂദനനെ രക്ഷിച്ചുവെന്നും പുസ്തകത്തിലൂടെ വിമര്‍ശിക്കുന്നുണ്ട്.
ടി ഐ മധുസൂദനന്‍ സെക്രട്ടറിയായി വരുന്നതിന് മുമ്പ്. ആദ്യകാലത്ത്, പ്രത്യേകിച്ച് സഖാവ് ടി ഗോവിന്ദേട്ടന്റെ മരണം വരെ ഒരുതരത്തിലുള്ള പ്രശ്‌നങ്ങളും പയ്യന്നൂരിലെ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരുന്നില്ല. പയ്യന്നൂരിലെ നേതൃത്വം താനാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടു ത്താനുള്ള ബോധപൂര്‍വ്വമായ ശ്രമം മധുസൂദനന്‍ നടത്തുകയുണ്ടായി. അതിനുവേണ്ടി ക്യാമ്പയിന്‍ നടത്താന്‍ ആശ്രിതരെ സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഇതിന്റെ ഭാഗമായി ചെറുചെറു ഗ്രൂപ്പുകള്‍ പലയിടത്തും ഉണ്ടാക്കി. സഹകരണ സ്ഥാപനങ്ങളിലും മറ്റും തൊഴിലുകള്‍ നല്‍കുമ്പോള്‍ ഇത് താന്‍ നല്‍കിയതാണ് എന്നും അതല്ലാതെ പാര്‍ട്ടി അല്ല എന്ന ബോധം വളര്‍ത്താന്‍ ആശ്രിതരെ ഉപയോഗിച്ച് ശ്രമങ്ങള്‍ നടന്നു. ഇത്തരം രീതികളെ പാര്‍ട്ടിക്കകത്ത് പലപ്പോഴും ചോദ്യം ചെയ്തുവെങ്കിലും കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല’, കുഞ്ഞികൃഷ്ണന്‍ പുസ്തകത്തില്‍ പറയുന്നു.