കായലിന് കുറുകെ കേരളത്തിലെ ഏറ്റവും വലിയ പാലം; പെരുമ്പളം പാലം ഉദ്ഘാടനം ഉടനെന്ന് ദലീമ എംഎൽഎ


ആരെയും മാറ്റിനിർത്തില്ല എന്ന ഇടതുപക്ഷ സർക്കാർ നയത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് പെരുമ്പളം പാലം എന്ന് ദലീമ ജോജോ എംഎൽഎ. പെരുമ്പളം പാലത്തിന്‍റെ ഉദ്ഘാടന ചടങ്ങുകൾക്ക് മുന്നോടിയായി ചേർന്ന സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ. നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് പാലം പൂർത്തീകരണത്തിലേക്ക് എത്തിയത്. പാലം ഉദ്ഘാടനം ചെയ്യുന്നതിനോടൊപ്പം,  ബസ് സർവീസും പെരുമ്പളത്തേക്ക് എത്തിക്കുന്നതിനായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനോട് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം അക്കാര്യത്തിൽ ഉറപ്പു നൽകിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു

ചടങ്ങിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്‍റ് വി.ആർ രജിത ടീച്ചർ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ആർ ഗിരീഷ് സമിതി രൂപീകരണ വിവരങ്ങൾ യോഗത്തിൽ പങ്കുവെച്ചു. 1001 പേരടങ്ങുന്ന ജനറൽ കമ്മിറ്റിയും, 301 പേരുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയും, ഇരുപത് പേരടങ്ങുന്ന ആറ് സബ് കമ്മിറ്റിയും ഉൾപ്പെടെയുള്ള സംഘാടകസമിതിയാണ് ഉദ്ഘാടനം ആഘോഷപൂർവ്വം നടപ്പാക്കുന്നതിനായി രൂപീകരിച്ചിരിക്കുന്നത്. സമിതിയുടെ രക്ഷാധികാരികളായി കെ സി വേണുഗോപാൽ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ നാസർ ഉൾപ്പെടെയുള്ള 9  പേരെയും , ചെയർമാനായി മുൻ എം. പി എ.എം ആരിഫിനെയും, കൺവീനറായി ദലീമ ജോജോ എംഎൽഎയെയും, തിരഞ്ഞെടുത്തിരിക്കുന്നത്. ഉദ്ഘാടന ദിവസം നിലവിൽ തീരുമാനിച്ചിട്ടില്ല എങ്കിലും 7  ദിവസത്തെ ആഘോഷ പരിപാടികളോടെയാണ് ഉദ്ഘാടന ചടങ്ങ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.

കരയിലെ രണ്ട് തൂണുകള്‍ അടക്കം 34 തൂണുകളിലാണ് പാലം നിലയുറപ്പിക്കുന്നത്. 1157 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലത്തില്‍ രണ്ടുവരി ഗതാഗതത്തിന് യോഗ്യമായ 7.5 മീറ്റര്‍ വീതിയുള്ള പാതയും ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതമുള്ള നടപ്പാതയുമുണ്ട്. ദേശീയ ജലപാത കടന്നുപോകുന്ന ദിശയായതിനാല്‍ ബാര്‍ജ്, വലിയ യാനങ്ങള്‍ എന്നിവ തടസമില്ലാതെ കടന്നുപോകുന്നതിന് നടുവില്‍ ബോസ്ട്രിങ് ആര്‍ച്ച് മാതൃക വരുന്ന രീതിയിലാണ് നിർമ്മാണം . വടുതല ഭാഗത്തും,  പെരുമ്പളം ഭാഗത്തും 300 മീറ്റര്‍ നീളത്തിലാണ് സമീപന റോഡുകള്‍ നിര്‍മ്മിക്കുന്നത്.  കായലിന് കുറുകെ നിര്‍മ്മിക്കുന്ന കേരളത്തിലെ ഏറ്റവും നീളമേറിയ ഈ പാലം പൂര്‍ത്തീകരിക്കുന്നതോടെ ദ്വീപ് നിവാസികളുടെയും മറ്റാവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവരുടെയും വര്‍ഷങ്ങളായുള്ള യാത്രാദുരിതത്തിനാണ് പരിഹാരമാകുന്നത്. ചേര്‍ത്തല- അരൂക്കുറ്റി റോഡില്‍ നിന്നും പെരുമ്പളം ദ്വീപ് വഴി വൈക്കം-പൂത്തോട്ട-തൃപ്പൂണിത്തുറ സംസ്ഥാനപാതയെ ബന്ധിപ്പിക്കുന്ന റോഡിന്‍റെ ആദ്യഘട്ടം എന്ന നിലയിലാണ് പാലം വിഭാവനം ചെയ്തിരിക്കുന്നത്.

أحدث أقدم