നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് നാലു സീറ്റുകൾ ഏറ്റെടുക്കാൻ കോൺഗ്രസ്. കഴിഞ്ഞ തവണ ജോസഫ് വിഭാഗം മത്സരിച്ച ഇടുക്കി, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, കുട്ടനാട് എന്നീ നാല് സീറ്റുകളാണ് കോൺഗ്രസ് തിരികെ ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളിൽ ഭൂരിഭാഗവും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ നീക്കം.
ഇടുക്കി, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, കുട്ടനാട് സീറ്റുകളിൽ ജോസഫ് വിഭാഗത്തിന് വിജയസാധ്യതയില്ലെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. അതേസമയം കോൺഗ്രസ് ഈ മണ്ഡലങ്ങളിൽ മത്സരിച്ചാൽ വിജയിക്കാനാകുമെന്നുമാണ് പ്രതീക്ഷ.
ഇടുക്കിയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നും പല മണ്ഡലങ്ങളിലും അവർക്ക് ശക്തമായ സംഘടനാ സംവിധാനമില്ലെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഇടുക്കിയിൽ റോഷി അഗസ്റ്റിനെതിരെ വിജയിക്കാനാകുന്ന സാഹചര്യവും ജോസഫ് ഗ്രൂപ്പിനില്ലെന്നാണ് കോൺഗ്രസ് ഉറച്ചുപറയുന്നത്. നാലു സീറ്റുകൾക്ക് പകരമായി പൂഞ്ഞാർ ഉൾപ്പെടെയുള്ള മറ്റ് ചില സീറ്റുകൾ കേരള കോൺഗ്രസിന് നൽകി ഒരു ഒത്തുതീർപ്പിലെത്താനാണ് കോൺഗ്രസിന്റെ ശ്രമം. ഉഭയകക്ഷി ചർച്ചയിൽ കോൺഗ്രസ് ഈ ആവശ്യം അറിയിച്ചതായാണ് വിവരം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ശനിയാഴ്ച ചേരുന്ന കേരള കോൺഗ്രസ് ഉന്നതാധികാരസമിതിയിലുണ്ടാകും