
ഐഡിയ സ്റ്റാർ സിംഗറിലെ കഴിഞ്ഞ രണ്ട് സീസണുകളിലായി നിറഞ്ഞു നിൽക്കുന്ന അവതാരകയാണ് വർഷ രമേശ്. ഒൻപതാം സീസണിൽ ആദ്യമായി ഷോയിലെത്തിയ വർഷ വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ മികച്ചൊരു ആരാധകവൃന്ദത്തെയും സ്വന്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലും നിരവധി ഫോളോവേഴ്സുണ്ട് വർഷയ്ക്ക്. ഇപ്പോഴിതാ അവരെയെല്ലാം വിഷമത്തിലും എന്നാൽ ഒരു മോട്ടിവേഷനും നൽകിയിരിക്കുകയാണ് വർഷ. നഷ്ടങ്ങളും നേട്ടങ്ങളും ഒരുപോലെ ഉണ്ടായ വർഷമാണ് കടന്നുപോയതെന്നാണ് വർഷ പറയുന്നത്. തന്റെ റിലേഷൻഷിപ്പ് തകർന്നുവെന്നും മാനസികമായി തകർന്ന താൻ മരുന്നുകൾ കഴിച്ചു തുടങ്ങിയെന്നും വർഷ പൊട്ടിക്കരഞ്ഞു കൊണ്ട് പറയുന്നു.
2025 എന്നെ സംബന്ധിച്ച് വേറേതന്നെ വർഷമായിരുന്നു. സ്വന്തമായി ഞാനൊരു ബിഎംഡബ്ല്യൂ വാങ്ങിച്ച വർഷമാണ്. അതേവർഷം തന്നെ എന്റെ റിലേഷൻഷിപ്പ് പൊട്ടി പാളീസായി വീണ്ടും സീറോയായ വർഷം. മലയാളത്തിലെ തന്നെ ഏറ്റവും ടോപ് ടെലിവിഷൻ ഷോയിൽ വീണ്ടും അവതാരകയായി എത്തിയ വർഷം. ഉത്കണ്ഠ, ഉയര്‍ന്ന നെഞ്ചിടിപ്പ് , പാനിക് അറ്റാക്ക് തുടങ്ങി പല മാനസിക അസുഖങ്ങൾക്കുമുള്ള മരുന്നുകൾ കഴിച്ച വർഷവും അത് തന്നെ. അത്യാവശ്യം നന്നായി സമ്പാദിച്ച വർഷമായിരുന്നു. അതേവർഷം തന്നെയാണ് എന്റേതല്ലാത്ത കാരണത്താൽ, എന്റെ തെറ്റ് കൊണ്ടല്ലാതെ ഏറ്റവും കൂടുതൽ പൈസ നഷ്ടപ്പെട്ട, ചതിക്കപ്പെട്ട വർഷം.
അങ്ങനെ ആരുമായി താരതമ്യം ചെയ്യാത്തൊരാളാണ് ഞാൻ. പക്ഷേ ഈ വർഷം മറ്റ് പലരുമായിട്ട് എന്നെ താരതമ്യം ചെയ്തു. എനിക്ക് ആഗ്രഹമുള്ള എല്ലാ സാധനങ്ങളും വാങ്ങിച്ച വർഷം കൂടിയാണിത്. നാലഞ്ച് രാജ്യങ്ങളിൽ സഞ്ചരിച്ചു. സാധനമൊക്കെ വാങ്ങിയും ഈ സ്ഥലങ്ങളിലെല്ലാം പോയിട്ടൊക്കെ ഞാൻ വന്നപ്പോൾ എന്റെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഒറ്റക്കായ വർഷം. ഇങ്ങനെ ഒറ്റയ്ക്കാവാനും ഇൻഡിപെൻഡന്റ് ആവാനും സ്ട്രോങ്ങ് ആവാനും എനിക്ക് ആഗ്രഹമില്ല. പക്ഷേ ഞാനിതൊക്കെ ആയി. രാത്രിയാകാൻ ഞാൻ കാത്തിരിക്കും. കാരണം എനിക്ക് ഉണർന്നിരിക്കുന്നത് ഇഷ്ടമില്ല. കാരണം എഴുന്നേറ്റു കഴിഞ്ഞാൽ അപ്പോ തുടങ്ങും നെഗറ്റീവ് ചിന്തകൾ. വിഷമങ്ങളും പ്രശ്നങ്ങളും തുടങ്ങും. മെന്റലി ഭയങ്കരമായി സ്ട്രെസാകും. ഒന്നുറങ്ങാൻ കൊതിച്ചിട്ടുള്ള വർഷമാണ് 2025.
മുന്നോട്ട് ഓടുന്നവർക്കെ മാറ്റം ഉണ്ടാവുകയുള്ളൂ. ചായാൻ ഒരു തണലുണ്ടെങ്കിലെ ക്ഷീണമുണ്ടാവൂ. പക്ഷേ എനിക്ക് തണലില്ല. എന്റെ കണ്ണ് തുറപ്പിച്ച വർഷം കൂടിയാണ് കടന്നു പോകുന്നത്. മറ്റുള്ളവരുടെ ഫോട്ടോസും സ്റ്റാറ്റസും മാത്രം കണ്ടിട്ട് അവരുടെയൊക്കെ ലൈഫ് എമ്മാതിരിയാണ്, നമ്മുടെ ലൈഫ് എന്ത് ഡാർക്കാണെന്ന് ആലോചിച്ചോണ്ടിരിക്കുന്ന നിങ്ങൾക്ക് വേണ്ടിയിട്ടാണ് ഈ തുറന്നു പറച്ചിൽ.