കെഎസ്ആര്‍ടിസി ബസുകളുടെ പടിയുടെ ഉയരം കുറയ്ക്കാൻ കാരണം ഉമ്മൻചാണ്ടിയുടെ ഭാര്യ; ചാണ്ടി ഉമ്മന് അറിയില്ലെങ്കിൽ അമ്മയോട് ചോദിക്കണം; ഗണേഷ്‌കുമാർ


കെഎസ്ആര്‍ടിസി ബസുകളുടെ പടിയുടെ ഉയരം കുറയ്ക്കാൻ കാരണം മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭാര്യയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. താൻ ഗതാഗത വകുപ്പ് മന്ത്രിയായപ്പോൾ ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ ചാണ്ടിയെ ഒരിടത്തുവെച്ച് കണ്ടുവെന്നും , പ്രായമായവർക്ക് കെഎസ്ആർടിസി ബസ്സിൽ കയറാൻ പടിയുടെ ഉയരക്കൂടുതൽ കാരണം ബുദ്ധിമുട്ടാണെന്നും അവർ തന്നോട് പറഞ്ഞിരുന്നു, കെ ബി ഗണേഷ് കുമാർ പറഞ്ഞു. ഇക്കാര്യം പരിഗണിച്ചാണ് ബസുകളുടെ പടിക്കെട്ടിന്റെ ഉയരം കുറച്ചതെന്ന് മന്ത്രി പറയുന്നു.

മന്ത്രിയായി വന്നശേഷം ഉമ്മൻ ചാണ്ടി സാറിന്‍റെ ഭാര്യയെ ഒരിടത്തുവെച്ച് കണ്ടു. ചേച്ചിയാണ് എന്നോട് പറഞ്ഞത് ഗണേശാ…പ്രായമായവർക്ക് ബസ്സിൽ കയറാൻ വലിയ ബുദ്ധിമുട്ടാണ്. പടിയൊന്ന് താഴ്ത്തുമോയെന്ന്. ശരി ചേച്ചിയെന്ന് ഞാനും പറഞ്ഞു. താഴ്ത്തി കൊടുത്തു. ഉമ്മൻ ചാണ്ടിയുടെ ഭാര്യ പറഞ്ഞിട്ടാണ് കെഎസ്ആർടിസി ബസിന്‍റെ പടി താഴ്ത്തിയത്. ഇത് ചാണ്ടി ഉമ്മന് അറിയില്ലെങ്കിൽ അമ്മയോട് ചോദിക്കണം. ചേച്ചീ താഴ്ത്തിവെച്ചിട്ടുണ്ടെന്ന് പിന്നീട് ഒരു ദിവസം കണ്ടു പറഞ്ഞു.  അത്രയും പരിഗണനയുണ്ട് കേട്ടോ.  ആ കുഞ്ഞിന് അത് മനസ്സിലായില്ല. കുഞ്ഞിന് ചേട്ടനെ അറിയാത്തോണ്ട’, കെ ബി ഗണേഷ് കുമാർ പറഞ്ഞു.

അതേസമയം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍ രംഗത്തെത്തി. തന്നെയും കുടുംബത്തെയും ദ്രോഹിച്ച് രണ്ടാക്കിയത് ഉമ്മന്‍ ചാണ്ടിയാണെന്ന് കെ ബി ഗണേഷ് കുമാര്‍ ആരോപിച്ചു. മധ്യസ്ഥത പറഞ്ഞ് കുടുംബം ഇല്ലാതാക്കിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. തന്റെ പിതാവിനെ ഗണേഷ് കുമാര്‍ ദ്രോഹിച്ചുവെന്ന ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ ആരോപണത്തിലാണ് മറുപടി.

أحدث أقدم