പ്ലസ് വൺ വിദ്യാർത്ഥിനി പാറമടയിൽ വീണ് മരിച്ച സംഭവം; ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ചോറ്റാനിക്കരയ്ക്ക് സമീപം പ്ലസ് വൺ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. ഇൻസ്റ്റഗ്രാം സുഹൃത്തായ കൊറിയൻ യുവാവിന്റെ മരണത്തിൽ മനംനൊന്താണെന്ന് പ്ലസ് വൺ വിദ്യാർഥിനി ആത്മഹത്യ ചെയ്തതെന്നാണ് കത്തിൽ. ശാസ്താംമുകൾ കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യ (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് പെൺകുട്ടിയെ വീടിനുപരിസരത്തെ ക്വാറിയോട് ചേർന്നുള്ള വെള്ളക്കെട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ആദിത്യയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് അതിൽനിന്നും ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ യുവാവിന്റെ മരണത്തിൽ മനംനൊന്താണ് ജീവനൊടുക്കിയത് എന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. സ്‌കൂളിലേക്ക് പോകാൻ വീട്ടിൽനിന്നും ഇറങ്ങിയ ആദിത്യയെ പിന്നീട് ക്വാറിയിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഇൻസ്റ്റഗ്രാം വഴിയാണ് ആദിത്യ കൊറിയൻ യുവാവുമായി പരിചയത്തിലായത്. ‘ഇക്കഴിഞ്ഞ 19-ന് യുവാവ് മരിച്ചു, ഇയാളുടെ മരണത്തിൽ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നു’ എന്നാണ് കുട്ടി കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. യുവാവ് ശരിക്കും മരിച്ചിട്ടുണ്ടോ എന്നും, എന്താണ് പെൺകുട്ടിയെ മരണത്തിലേക്ക് നയിച്ചത് എന്നും പോലീസ് അന്വേഷിക്കും.

പെൺകുട്ടിയുടെ മരണത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ആദിത്യയുടെ ഫോൺ അടക്കമുള്ള വസ്തുക്കൾ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് പോലീസ്. ചോറ്റാനിക്കര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

أحدث أقدم