അതേസമയം, കടകംപള്ളി സുരേന്ദ്രൻ നല്‍കിയ ആദ്യ മൊഴി തൃപ്തികരമല്ലെന്നാണ് എസ്‌ഐടിയുടെ വിലയിരുത്തൽ. സ്‌പോണ്‍സര്‍ എന്ന നിലയില്‍ മാത്രമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ തനിക്ക് അറിയുകയുള്ളൂ എന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്‍ നേരത്തേ എസ്‌ഐടിക്ക് നല്‍കിയ മൊഴി. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശല്‍ അടക്കം തീരുമാനങ്ങളെല്ലാം ദേവസ്വം ബോര്‍ഡിന്റേതായിരുന്നുവെന്നും വകുപ്പിന് ഇതേപ്പറ്റി യാതൊരു അറിവുമില്ലായിരുന്നുവെന്നും കടകംപള്ളി നേരത്തേ മൊഴി നൽകിയിരുന്നു. എന്നാല്‍ പോറ്റിയുടെ വീട്ടില്‍ കടകംപള്ളി പോയതിന്റെ വിവരങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ അതും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് എസ്‌ഐടി. വിശദമായ പരിശോധനയ്ക്ക് ശേഷം കടകംപള്ളിയെ വീണ്ടും വിളിപ്പിക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. 2019 മുതലുള്ള കടകംപള്ളിയുടെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്താനാണ് എസ്‌ഐടി തീരുമാനിച്ചിരിക്കുന്നത്.