ബജറ്റ് വെറും തിരഞ്ഞെടുപ്പ് ഗിമ്മിക്ക് മാത്രം; ഈ ചുരുങ്ങിയ കാലയളവിൽ ഏത് പദ്ധതിയാണ് നടപ്പാക്കാൻ കഴിയുന്നത്?രമേശ് ചെന്നിത്തല


ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് വെറും തിരഞ്ഞെടുപ്പ് ഗിമ്മിക്ക് മാത്രമാണെന്ന് രമേശ് ചെന്നിത്തല. സ്വപ്നങ്ങളോ പ്രായോഗികതയോ ഇല്ലാത്ത, യാഥാർത്ഥ്യബോധമില്ലാത്ത പൊള്ളയായ പ്രഖ്യാപനങ്ങളുടെ ഭാണ്ഡക്കെട്ടാണ് ഇതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം 50 % ത്തിൽ പോലും പദ്ധതി ചിലവ് നടത്താൻ കഴിയാത്ത സർക്കാരാണ് ഇപ്പോൾ വമ്പൻ പ്രഖ്യാപനങ്ങൾ നടത്തുന്നതെന്ന് ചെന്നിത്തല പരിഹസിച്ചു.

ഈ ഗവൺമെന്റിന് ആകെ ഒന്നര മാസമാണ് കാലാവധി ബാക്കിയുള്ളത്. ഈ ചുരുങ്ങിയ കാലയളവിൽ ഏത് പദ്ധതിയാണ് നടപ്പാക്കാൻ കഴിയുന്നത്? ഇത് ജനങ്ങളെ കബളിപ്പിക്കൽ മാത്രമാണ്. തോമസ് ഐസക്കിന്റെ കാലത്ത് പ്രഖ്യാപിച്ച 2500 കോടിയുടെ കുട്ടനാട് പാക്കേജും, വയനാട്, ഇടുക്കി പാക്കേജുകളും എങ്ങുമെത്തിയില്ല. പ്രഖ്യാപനങ്ങളല്ലാതെ ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ പരിഹരിക്കാൻ ബജറ്റിൽ ഒന്നുമില്ല.

കെ-റെയിൽ നടപ്പാക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തെ ചെന്നിത്തല രൂക്ഷമായി വിമർശിച്ചു. ഒരു ഭാഗത്ത് അതിവേഗ പാതയെന്നും മറുഭാഗത്ത് കെ-റെയിൽ എന്നും പറയുന്നു. ഇതിൽ ഏതാണ് ശരിയെന്ന് സർക്കാരിന് തന്നെ വ്യക്തതയില്ല. യുഡിഎഫ് വികസനത്തിന് എതിരല്ല. എന്നാൽ കെ-റെയിൽ പദ്ധതിയിൽ പരിസ്ഥിതി ആഘാത പഠനം നടത്തിയില്ല, ജനങ്ങളെ വിശ്വാസത്തിലെടുത്തില്ല. വൻതോതിലുള്ള കടമെടുപ്പാണ് ഇതിനാവശ്യം. റെയിൽവേ പാളങ്ങളിലെ വളവുകൾ നിവർത്തിയും സിഗ്നലിംഗ് പരിഷ്കരിച്ചും നിലവിലുള്ള പാത വേഗത്തിലാക്കാൻ കഴിയും. പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കുന്ന ആ മഞ്ഞക്കുറ്റികൾ പിഴുതെറിയണമെന്നാണ് സർക്കാരിനോടുള്ള അഭ്യർത്ഥന.

കോടിക്കണക്കിന് രൂപ ചിലവാക്കിയ കെ-ഫോൺ പദ്ധതി കൊണ്ട് ആർക്കാണ് പ്രയോജനമെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ-ഫോണിന്റെ നിലവിലെ സ്ഥിതി എന്താണ്? ആർക്കാണ് അതുകൊണ്ട് ഗുണമുള്ളത്? ഇതെല്ലാം ജനങ്ങളെ പറ്റിക്കാനുള്ള തട്ടിക്കൂട്ട് വിദ്യകൾ മാത്രമാണ്. ലോക കേരള സഭ യുഡിഎഫ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചതായും രമേശ് ചെന്നിത്തല അറിയിച്ചു. ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാത്തതും ബജറ്റിലെ വലിയ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Previous Post Next Post