തിരുവനന്തപുരം : ഈ സർക്കാരിന്റെ കാലത്ത് ഒരു റെയിൽ പദ്ധതിയും വരാൻ പോകുന്നില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ റെയിലിന്റെ സ്ഥിതി എന്തായെന്നും ചോദ്യം. ഇ ശ്രീധരൻ ആണെങ്കിലും, പിണറായി വിജയൻ ആണെങ്കിലും ആ മഞ്ഞക്കുറ്റി അവിടുന്ന് മാറ്റി ജനങ്ങളെ രക്ഷിക്കണമെന്നുമാണ് രമേശ് ചെന്നിത്തലയുടെ പരിഹാസം. കെ വി തോമസ് പറഞ്ഞ പലകാര്യങ്ങളും നടന്നിട്ടിലല്ലോ. മഞ്ഞക്കുറ്റി ഊരി കൊണ്ടുപോയാൽ ആളുകൾക്ക് സൗകര്യം ആകുമായിരുന്നു. തിരഞ്ഞെടുപ്പ് ആകുമ്പോൾ ഇങ്ങനെയുള്ള പല അഭ്യാസങ്ങളും കാണേണ്ടിവരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇ ശ്രീധരൻ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്ന് അദേഹം ചോദിച്ചു.
കേരളത്തിലെ അതിവേഗ റെയിൽ പാതയുടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നായിരുന്നു ഇ ശ്രീധരൻ പ്രഖ്യാപിച്ചത്. 3.15 മണിക്കൂറിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരെത്താം. 86,000 കോടിയാണ് പ്രതീക്ഷിക്കുന്ന ചിലവെന്നും അദേഹം വ്യക്തമാക്കിയിരുന്നു. ഹൈസ്പീഡ് റെയിൽവെ ലൈൻ എങ്ങനെയെങ്കിലും കൊണ്ടുവരികയെന്ന ഒറ്റ ലക്ഷ്യമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇതിലാണ് രമേശ് ചെന്നിത്തല പ്രതികരണം നടത്തിയിരിക്കുന്നത്.